മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നില്‍ക്കുന്നതെന്ന് വി.ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവര്‍ക്ക് വേണ്ടി മറ്റു മന്ത്രിമാര്‍ കൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിലെ തന്നെ മറ്റൊരു അംഗമായ മന്ത്രി റിയാസ് ആവശ്യപ്പെടുന്നത്.

നിലവില്‍ മറ്റ് മന്ത്രിമാരൊന്നും അഴിമതിയെ ന്യായീകരിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാര്‍ക്ക് റിയാസ് നല്‍കിയിരിക്കുന്നത്. ഖജനാവില്‍ നിന്നും ഒരു പൈസയും ചെലവാക്കിയിട്ടില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ ഇപ്പോള്‍ കാണാനില്ല.

എസ്.ആര്‍.ഐ.ടിയും പ്രസാഡിയോയും സംസ്ഥാനത്ത് സൗജന്യമായി 726 കാമറകല്‍ സ്ഥാപിച്ചെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ആ കമ്പനികളുടെ ഉടമകള്‍ക്ക് യു.ഡി.എഫ് സ്വീകരണം നല്‍കും. അഴിമതിക്കെതിരെ സമരവും നിയമനടപടിയുമെന്നതാണ് യു.ഡി.എഫ് നിലപാട്.

ഞാന്‍ വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്പീക്കറോട് അനുമതി തേടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ സ്പീക്കറും ആവശ്യം തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും പരാതി തള്ളിക്കളഞ്ഞു. എനിക്കെതിരെ സര്‍ക്കാരിന് ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്ന് നിയമസഭയില്‍ പറഞ്ഞതുമാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി ദേശാഭിമാനി എനിക്കെതിരെ വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ 81 തവണ വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. പാസ്‌പോര്‍ട്ട് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 81 തവണയോ അതിന്റെ പകുതി തവണയോ ഞാന്‍ വിദേശത്ത് പോയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവക്കാമെന്ന് നിയമസഭയില്‍ പറഞ്ഞതാണ്.

ദേശാഭിമാനി മഞ്ഞപത്രമായി മാറിയിരിക്കുകയാണ്. അവര്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ സംബന്ധിച്ച് ഞാന്‍ ചില പഠനങ്ങള്‍ നടത്തുന്ന കാര്യം അറിയാവുന്നതു കൊണ്ടാണ് എനിക്കെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്നത്. ഏത് ആരോപണത്തിലും അന്വേഷണം നടത്തട്ടെ. സര്‍ക്കാര്‍ അവരുടേതല്ലേ. എന്നെയാണോ പേടിപ്പിക്കുന്നത്?

മറ്റ് പത്രങ്ങളുടെ സര്‍ക്കുലേഷന്‍ സ്‌പെഷല്‍ ബ്രാഞ്ചിനെക്കൊണ്ട് ദേശാഭിമാനി അന്വേഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പത്രത്തിന്റെ വരിക്കാരാക്കുന്നത്. പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു കാലത്തും ചെയ്യാത്ത തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും. ഞാന്‍ അതിന്റെ പിന്നാലെയാണെന്ന് ബോധ്യമായതോടെയാണ് എനിക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കിത്തുടങ്ങിയത്.

ഇന്ന് നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനം രണ്ടാമത്തേതാണ്. ഏഴ് ജില്ലകളിലായി ആയിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന് പ്രഖ്യാപിച്ച് 2021 ലായിരുന്നു ആദ്യ ഉദ്ഘാടനം. നിയമസഭ ലോഞ്ചില്‍ ഇന്ന് നടക്കുന്ന രണ്ടാം ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് ചെലവഴിക്കുന്നത്. പണമില്ലാത്തതിനാല്‍ പെന്‍ഷനും സാമൂഹിക സുരക്ഷാ പദ്ധതികളും വികസനവും മുടങ്ങിയിരിക്കുന്ന കാലത്താണ് ഉദ്ഘാടന മഹാമഹത്തിന് വേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത്. 124 കോടി രൂപയാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ചെലവാക്കിയത്. കെട്ടകാലത്താണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്.

സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് അഴിമതി കാമറകള്‍ ഇന്ന് കണ്ണ് തുറന്നത്. സര്‍ക്കാര്‍ നടത്തിയ അഴിമതിക്കാണ് സാധാരണക്കാരുടെ പോക്കറ്റടിക്കുന്നത്. ഖജനാവില്‍ നിന്ന് ഒരു രൂപയും ചെലവാക്കിയിട്ടില്ലെന്നാണ് പറയുന്നത്. കമ്പനികള്‍ക്ക് നല്‍കേണ്ട 232 കോടി രൂപ സാധാരണക്കാരില്‍ നിന്നാണ് ഈടാക്കുന്നത്. ഗതാഗത നിയമലംഘനത്തിന് ദിവസേന 25000 നോട്ടീസ് അയയ്ക്കുമെന്നാണ് പ്രഖ്യാപനം. അത്രയും നിയമലംഘനങ്ങള്‍ നടന്നില്ലെങ്കിലും 25000 പേര്‍ക്ക് നോട്ടീസ് അയക്കുമോ? അഴിമതി കാമറയും കെ ഫോണും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട് പദ്ധതികളാണെന്നും സതീശൻ പറഞ്ഞു..

Tags:    
News Summary - VD Satheesan said that the Chief Minister's family is accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.