അധികാര വികേന്ദ്രീകരണത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൃത്യസമയത്ത് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കി. പദ്ധതി വിഹിതത്തിൽ ആദ്യ ഗഡു ഏപ്രിൽ എട്ടിനാണ് കിട്ടിയത്. കഴിഞ്ഞ വർഷം ഒഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബർ 12നാണ് ലഭിച്ചത്.

ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നൽകുന്നതിന് പകരം മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു. ഇതിൻ്റെ ആദ്യ ഗഡു നൽകാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാർച്ച് 18നാണ് ട്രഷറിയിൽ എത്തിയത്. മൂന്നാം ഗഡുവിൻ്റെ രണ്ടാം ഭാഗം ഇന്നലെ വൈകുന്നേരമാണ് ട്രഷറിയിൽ എത്തിയത്. മൂന്നാം ഗഡുവിൻ്റെ മൂന്നാം ഭാഗം ഇതുവരെ നൽകിയിട്ടുമില്ല.

മൂന്നാം ഗഡുവിൻ്റെ ഒന്നും രണ്ടും ഭാഗങ്ങൾ ചെലവഴിക്കാൻ പോലും സമയം തികയില്ല. നാളെ വൈകുന്നേരത്തിന് മുന്‍പ് ചെലവഴിക്കണമെന്ന് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെയും ബില്ലുകള്‍ മാറാന്‍ കഴിയാതെയും തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് സ്പില്‍ഓവര്‍ ചെയ്താലും ആ വര്‍ഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടി വരും. അത് ആ വര്‍ഷത്തെ പദ്ധതികളെ ബാധിക്കും.

കുടിവെള്ള, വൈദ്യുത പദ്ധതികള്‍ക്ക് 20 ശതമാനം തുക മാത്രം ഡെപ്പോസിറ്റ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സ്ഥാപനങ്ങളും മുഴുവന്‍ തുകയും നല്‍കാതെ പദ്ധതി പൂര്‍ത്തിയാക്കില്ല. പണം ഇല്ലാത്തതു കൊണ്ടാണ് അപ്രായോഗികവും വിചിത്രവുമായ നിബന്ധനകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കി.

അധികാര വികേന്ദ്രീകരണമെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. നാളെത്തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. പണം നല്‍കാന്‍ സര്‍ക്കാര്‍ വൈകിയ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഏപ്രില്‍ 30 വരെയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കും. തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31-ന് രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും യു.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും.

കഴിഞ്ഞ രണ്ട് വര്‍ഷമായി അധികാര വികേന്ദ്രീകരണത്തെ തളര്‍ത്തി പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താറുമാറാക്കിയിരിക്കുകയാണ്. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന 13223 കോടി രൂപയുടെ ബില്ലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 65 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്നലെ അനുവദിച്ച വിഹിതം നാളെ തന്നെ ചെലവഴിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അധികാര വികേന്ദ്രീകരണം നടപ്പായതിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ ഇത്രത്തോളം പ്രയാസമനുഭവിച്ച കാലഘട്ടം സംസ്ഥാനത്തുണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തത് മറച്ച് വച്ചുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നത്. കേരളം കടക്കെണിയിലാണെന്ന ആരോപണം തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ധനകാര്യ, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് പ്രാദേശിക സര്‍ക്കാരുകളെ കബളിപ്പിക്കുകയാണ്. ലൈഫ് മിഷന് വേണ്ടി 717 കോടി അനുവദിച്ചിട്ട് 7.05 ശതമാനമാണ് ചെലവഴിച്ചതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - VD Satheesan said that the government has broken the decentralization of power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.