ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം കേരളമാണ്. വ്യവസായ യൂനിറ്റുകളില്‍ തമിഴ്‌നാട്ടില്‍ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് .76 ലക്ഷം കോടി രൂപയുടേതാണ്. വിവിധ വ്യവസായ യൂനിറ്റുകളില്‍ തമിഴ്‌നാട് 26 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിടിച്ചപ്പോള്‍ കേരളത്തില്‍ 3.34 ലക്ഷമായി ചുരുങ്ങി.

ചെറുകിട വ്യവസായ യൂനിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ നടന്ന സംരംഭക സംഗമത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that the government's claim that 1 lakh industrial enterprises have been started is a lie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.