ഇ.പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ലെന്ന് വി.ഡി സതീശൻ

കോട്ടയം: ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച ആരോപണം പാര്‍ട്ടിയല്ല, ബന്ധപ്പെട്ട ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന രീതി അംഗീകരിക്കാനാകില്ല.

അതിനെതിരായ നിയമനടപടികളെ കുറിച്ച് യു.ഡി.എഫ് ആലോചിക്കും. പ്രവൃത്തി ദിനത്തില്‍ കോന്നി താലൂക്ക് ഓഫീസില്‍ നിന്നും 39 പേര്‍ ടൂര്‍ പോയത് തെറ്റാണ്. ഇതിനെ ന്യായീകരിക്കാന്‍ ആര് വന്നാലും അംഗീകരിക്കാനാകില്ല. ഈ സംഭവം ആവര്‍ത്താക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.

വെള്ളക്കരം ഒരു രൂപ കൂട്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 350 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ വരുത്തിയിരിക്കുന്നത്. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വായ്പാനയം മൂലം അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ നിരക്ക് വര്‍ധനവുണ്ടാകും. ജനങ്ങളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി വെള്ളത്തെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്.

സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിച്ചാണ് സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയത്. സി.പി.എം നേതാക്കള്‍ക്കൊപ്പം പോകുമ്പോഴാണ് ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ അതിലെ ദൃക്‌സാക്ഷികളായ സി.പി.എം നേതാക്കള്‍ കുറുമാറിയതു കൊണ്ടാണ് പ്രതികളായ ബി.ജെ.പി നേതാക്കള്‍ രക്ഷപ്പെട്ടത്. മറ്റൊരു കേസില്‍ ബി.ജെ.പി നേതാക്കള്‍ കൂറുമാറി സി.പി.എമ്മുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ചെറിയൊരു ഉദാഹരണമാണ് കാസര്‍കോട് കണ്ടത്. കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ബന്ധമുണ്ട്. ഇവരുടെ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ഇത്രയും പണം മുടക്കി കെ.വി തോമസിനെ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നതെന്നും മാധ്യമങ്ങളോട് വി.ഡി സതീശൻ പറഞ്ഞു

Tags:    
News Summary - VD Satheesan says it is not the party that should investigate the money laundering allegation against EP Jayarajan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.