കോണ്‍ഗ്രസ് വിരുദ്ധതയില്‍ സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്യുന്നുവെന്ന് വി.ഡി സതീശൻ

കൊല്ലം: കോണ്‍ഗ്രസ് വിരുദ്ധതയില്‍ സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എം നേതാക്കള്‍ക്കു അവരുടെ ബന്ധുക്കള്‍ക്കും എതിരെ കേന്ദ്ര ഏജന്‍സികളെടുത്ത കേസുകളും ബി.ജെ.പി നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത കേസുകളും ഒത്തുതീര്‍പ്പാക്കിയാണ് സി.പി.എമ്മും ബി.ജെ.പിയും അന്തര്‍ധാരയിലേക്ക് പോകുന്നതെന്നും സമരാഗ്നിയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതീശൻ പറഞ്ഞു.

സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസുകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധതക്ക് ഇരകളായി മാറിയ സാധാരണക്കാരുടെ സങ്കടങ്ങളുമാണ് കേട്ടത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ്. അല്ലാതെയുള്ള ചോദ്യങ്ങള്‍ വന്നാല്‍ മുഖ്യമന്ത്രി ക്ഷുഭിതനാകുകയും സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കയര്‍ക്കുകയും ചെയ്യും. എന്നാല്‍ ജനകീയ ചര്‍ച്ചാ സദസില്‍ അവസാനത്തെ ആളിന്റെ പരാതിയും കേട്ട ശേഷമാണ് ഞങ്ങള്‍ മടങ്ങുന്നത്.

ജനജീവിതം കൂടുതല്‍ ദുസഹമാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശുവണ്ടി, കയര്‍, കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായ മേഖലകള്‍ പ്രതിസന്ധിയിലാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് കശുവണ്ടി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഷിബു ബേബി ജോണ്‍ തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത് അഞ്ച് വര്‍ഷത്തിനിടെ രണ്ടു തവണയാണ് വേതനം പുതുക്കി നിശ്ചയിച്ചത്. പിണറായിയുടെ കാലത്ത് എട്ട് വര്‍ഷത്തിനിടെ വേതനം വര്‍ധിപ്പിച്ചെങ്കിലും അത് നല്‍കാനാകാത്ത സ്ഥിതിയാണ്.

എണ്ണൂറോളം ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണ്. സ്വകാര്യ കശുവണ്ടി ഫാക്ടറികളെല്ലാം പൂട്ടിക്കിടക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. രണ്ടു തവണ വൈദ്യുതി ചാര്‍ജും കെട്ടിട നികുതിയും വെള്ളക്കരവും കൂട്ടിയതിന് പിന്നാലെയാണ് നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയത്. ഇത്രയും വലിയൊരു പ്രതിസന്ധി സമീപകാലത്തൊന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതക്കും ഫാഷിസത്തിനും എതിരെ യു.ഡി.എഫ് പോരാട്ടം നടത്തുന്നതിനൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവച്ച കെടുതികള്‍ക്കെതിരായ പോരാട്ടവും തുടരും. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ വിജയത്തിന് വേണ്ടി കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് രംഗത്തിറങ്ങും. കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജയിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്നത്.

രാഹുല്‍ ഗന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കെ.പി.സി.സിയും യു.ഡി.എഫും ആഗ്രഹിക്കുന്നത്. ലീഗുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. പാണക്കാട് സാദിഖലി തങ്ങള്‍ മടങ്ങി എത്തിയാലുടന്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ലീഗുമായുള്ള ചര്‍ച്ച തൃപ്തികരമായി പൂര്‍ത്തിയാക്കി.

ദേശാഭിമാനിയെ കൈരളിയോ എ.കെ.ജി സെന്ററോ അല്ല കോണ്‍ഗ്രസിന്റെ ജാഥ തീരുമാനിക്കുന്നത്. സി.പി.എം ജാഥ നടത്തുമ്പോള്‍ കൈരളി ഓഫീസില്‍ ഇരുന്ന് തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസിന്റെ ജാഥ കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan says that CPM and BJP are making peace with each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.