ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് വി.ഡി സതീശൻ

കാസർകോട് : ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സരിത നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്നും പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് പിണറായി വിജയന്‍. സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണ്?

അവരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമാണ് പിണറായി വിജയനും സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിച്ചത്. ഇപ്പോള്‍ അവര്‍ക്ക് തന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയാണ്. അന്ന് ചെയ്തതിനൊക്കെ കാലം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്.

ഇതേ മൊഴി തന്നെയാണ് സ്വപ്ന മജിസ്‌ട്രേറ്റിനും ഇ.ഡിക്കും നല്‍കിയത്. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി സി.പി.എം ധാരണയിലായതിനാല്‍ സ്വപ്‌നയുടെ മൊഴിയില്‍ ഇ.ഡിയും കേസെടുക്കില്ല. മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാട്ടി അതേ കോടതിയില്‍ കേസ് കൊടുക്കാതെ ഷാജ് കിരണിനെ അയയ്ക്കുകയും ഒപ്പമുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോകുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സ്വപ്‌നയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.

ആരോപണവിധേയരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും മുന്‍ സ്പീക്കറും നിരപരാധിത്വം തെളിയിക്കാന്‍ തയാറാകണം. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം. അതുകൊണ്ടാണ് എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സി.പി.എമ്മിലെ എത്ര നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഞരമ്പ് രോഗം ഉണ്ടായിരുന്ന നിരവധി പേര്‍ ഉണ്ടായിട്ടും പാര്‍ട്ടി കമ്മിഷന്‍ ചര്‍ച്ച ചെയ്ത് സി.പി.എം തന്നെ കോടതിയും പൊലീസ് സ്റ്റേഷനുമായി. എല്‍ദോസിനെതിരെ ആരോപണം വന്നപ്പോള്‍ രാഷ്ട്രീയ പ്രേരിതമെന്നോ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്നോ കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ആരോപണ വിധേയനെതിരെ നടപടി എടുക്കുകയാണ് ചെയ്തത്.

യു.ജി.സി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ വൈസ് ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെടണം

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യു.ജി.സി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ എല്ലാ വൈസ് ചാന്‍സിലര്‍മാരോടും സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. നിയമവിരുദ്ധമായ വി.സി നിയമനങ്ങള്‍ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ അന്ന് സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടായാണ് നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തിയത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അനിശ്ചിതത്വം തുടര്‍ന്നാല്‍ കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് വര്‍ധിക്കും. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തത് പോലെ സംസ്ഥാനത്തെ ക്രമസമാധാനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തകര്‍ത്തിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് അതിക്രമങ്ങള്‍ നടത്തുകയാണ്.

പൊലീസിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിമുക്തഭടനെ ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിച്ച കേസില്‍ നടപടിയെടുത്ത പൊലീസ് കമ്മീഷണറെ സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി. പരിതാപകരമായ നിലയിലേക്ക് കേരള പൊലീസ് കൂപ്പ് കുത്തിയിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

Tags:    
News Summary - VD Satheesan wants action against the accused CPM leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.