കൊച്ചി: കെ. ഫോണ്‍ കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 35 ദിവസമായി എഴുതി തയാറാക്കിയ ഒരേ പ്രസംഗം മുഖ്യമന്ത്രി വായിക്കുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന പിണറായി വിജയന്‍ മോദിയെയും ബി.ജെ.പിയെയും വെറുതെ വിടുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്നു.
18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017-ല്‍ കൊണ്ടു വന്ന കെ ഫോണ്‍ പദ്ധതി 2024 ലും നടപ്പാക്കാനായില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നത് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14000 ആയി കുറച്ചു. അവസാനം 7000 പേര്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികള്‍ പണി നിര്‍ത്തിപ്പോയി.
ടെന്‍ഡര്‍ നടപടിക്ക് ശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1500 കോടിയാക്കി. എസ്.ആര്‍.ഐ.ടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികള്‍ക്കെല്ലാം ചേര്‍ന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്.
പദ്ധതിക്ക് വേണ്ടി കിഫ്ബിയില്‍ നിന്നും കടമെടുത്ത 1032 കോടി അടുത്തമാസം മുതല്‍ പ്രതിവര്‍ഷം 100 കോടി വീതം തിരിച്ചടക്കണം. എവിടുന്ന് കൊടുക്കും ഈ പണം? പദ്ധതിയില്‍ നിന്നും ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകണം.
മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സി.ബി.ഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലും. കണ്‍സോര്‍ഷ്യത്തിന് ഭാഗമായ എസ്.ആര്‍.ഐ.ടി കരാര്‍ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏഴ് കൊല്ലമായിട്ടും പൂര്‍ത്തിയാക്കാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ-ഫോണ്‍ കൊള്ളയില്‍ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.