കാസര്‍കോട്: ഏതെങ്കിലും സി.പി.എം നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് ആര്‍.എസ്.എസ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയിരിക്കുന്നത്. അതുല്യമായ പോരാട്ടമാണ് രാഹുല്‍ ഗാന്ധി സംഘപരിവാറിനെതിരെ നടത്തുന്നത്. ഭരിക്കാന്‍ മറന്നു പോയ പിണറായി വിജയന്‍ എല്ലാ ദിവസവും പൗരത്വ നിയമമെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. സി.എ.എ പ്രക്ഷോഭത്തിന് എതിരായ കേസ് പോലും സര്‍ക്കാര്‍ പിന്‍വിച്ചിട്ടില്ല.
കഴിഞ്ഞ 30 ദിവസമായി മുഖ്യമന്ത്രി എല്ലാ യോഗങ്ങളിലും ഒരേ കാര്യമാണ് എഴുതി വായിക്കുന്നത്. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്ന് പറയുകയും രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം മറുപടി പറഞ്ഞതാണ്. പൗരത്വ നിയമത്തില്‍ യു.ഡി.എഫ് നേതാക്കള്‍ അടക്കമുള്ളവര്‍ പ്രസംഗിച്ചത് അയച്ചു കൊടുത്തു. പിന്നീട് പറഞ്ഞു, ആരിഫ് മാത്രമെ എതിര്‍ത്ത് വോട്ട് ചെയ്തുള്ളൂവെന്ന്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ യു.ഡി.എഫ് എം.പിമാര്‍ വോട്ട് ചെയ്തതിന്റെ രേഖകള്‍ അയച്ചുകൊടുത്തിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ആനി രാജയാണ് പോയതെന്നുമുള്ള മറ്റൊരു കള്ളമാണ് ഇന്ന് പറഞ്ഞത്. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? സര്‍ക്കാരിന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ വെടിയൊച്ചകള്‍ മുഴങ്ങുന്ന മണിപ്പൂരിന്റെ തെരുവളിലൂടെ പോയി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി.
ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലേ? ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ കുഴപ്പമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി മുഖ്യമന്ത്രി വായിക്കണം. എന്നാലെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയൂ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പോകാത്തപ്പോഴാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. ഇക്കാര്യം കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ ഒക്കത്ത് വച്ചുകൊണ്ട് നടക്കുന്ന പിണറായി വിജയനാണ് കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ മറന്നു പോകുകയാണ്. പത്രസമ്മേളനത്തില്‍ 16 മിനിട്ട് സംസാരിച്ച മുഖ്യമന്ത്രി കേരളത്തെ ബാധിക്കുന്ന ഏത് പ്രശ്‌നമാണ് പറഞ്ഞത്. പത്തനംതിട്ടയില്‍ ഒരാളെ ആന ചവിട്ടിക്കൊന്നതിനെ തുടര്‍ന്ന് ഭീതിയിലായ മലയോര മേഖലയിലെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. തീരപ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ ഭീതിയില്‍ നില്‍ക്കുകയാണ്. അതിനെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.