ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതല്ലാതെ എന്ത് വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതല്ലാതെ എന്ത് വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശക്തമായ പൊതുവിതരണ സംവിധാനം ഏര്‍പ്പെടുത്തി രാജ്യത്തിന് തന്നെ കേരളം മാതൃകയാണ്. പക്ഷെ ഇതെല്ലാം താന്‍ മന്ത്രിയായിതിന് ശേഷം നടപ്പിലാക്കിയതാണെന്ന മട്ടിലാണ് മമന്ത്രി പറയുന്നത്. ഓണത്തിനും ക്രിസ്മസിനുമൊന്നും ചന്ത തുടങ്ങിയത് ഈ മന്ത്രി വന്ന ശേഷമല്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

അരി വില 38-ല്‍ നിന്നും 70 വരെ കൂടിയ ശേഷമാണ് ഇപ്പോള്‍ ചെറുതായൊന്നു കുറഞ്ഞത്. അരി വിലയ്ക്ക് ആനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെ വിലകൂടി വര്‍ധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. തുവര പരിപ്പ് വില 135 ല്‍ 160 രൂപയും മുളക് 183 ല്‍ നിന്നും 335 രൂപയും മല്ലി 101 ല്‍ നിന്നും 160 രൂപയും ജയ അരി 37 -ല്‍ നിന്നും 58 രൂപയും ആയെന്ന് ഇന്നലെ നിയമസഭ ചോദ്യത്തിന് മറുപടി നല്‍കിയ മന്ത്രിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഇല്ലെന്ന് ഇന്ന് പറയുന്നത്.


വിലക്കയറ്റം ഇല്ലെന്ന് മന്ത്രി പറയുമ്പോഴും രണ്ടു മാസത്തിനിടെ മട്ട അരി വില 34 ല്‍ നിന്നും 60 രൂപയും മല്ലി വില 90 ല്‍ നിന്നും 145 രൂപയുമായി. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇന്നലെ വൈകീട്ടത്തെ വില നിലവാരം അനുസരിച്ച് കത്തിരി വില 25 ല്‍ നിന്നും 50 രൂപയും കാരറ്റ് 30 ല്‍ നിന്ന് 80 രൂപയും വെളുത്തുള്ളി 35 ല്‍ നിന്ന് നൂറും ബീന്‍സ് 35 ല്‍ നിന്ന് 80 രൂപയും കോളിഫ്‌ളവര്‍ 35 ല്‍ നിന്നും 75 രൂപയുമായി വര്‍ധിച്ചു. എന്നിട്ടാണ് പച്ചക്കറി വില കൂടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത്.

സംസ്ഥാനത്തെ 92.88 ലക്ഷം കാര്‍ഡുടമകളില്‍ പത്ത് ശതമാനം പേര്‍ക്ക് പോലും സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ ലഭിക്കുന്നില്ല. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന വിലയല്ല വിപണിയിലുള്ളത്. വിലക്കയറ്റത്തിന്റെ പത്തിലൊന്ന് വില പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ താലൂക്ക് ജില്ലാ തലങ്ങളില്‍ നടത്തിയിരുന്ന പരിശോധനകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. എല്ലാ ദിവസത്തെയും വിലവിവര പട്ടിക മുഖ്യമന്ത്രി പരിശോധിക്കണം. രണ്ടു മാസം കൊണ്ട് ഉണ്ടായിരിക്കുന്ന വ്യത്യാസം എന്താണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനപ്പുറം എന്ത് വിപണി ഇടപെടലാണ് നടത്തിയതെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - V.D.Sathisan asked what kind of market intervention Supplyco had done other than paying salaries to the officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.