മലപ്പുറം: പരസ്യപ്രചാരണം തീരാൻ ഒരുദിവസം മാത്രം ശേഷിക്കെ വേങ്ങരയിൽ പ്രചാരണം ആവേശത്തിെൻറ കൊടുമുടിയിൽ. സമ്മതിദായകരെ ഉണർത്താൻ രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന അടവുകൾ പലതാണ്. കുടുംബയോഗങ്ങളിലൂടെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് അവസാന റൗണ്ടിൽ ഇരുമുന്നണികളും പുറത്തെടുക്കുന്നത്.
റോഡ്ഷോകളും താളമേളങ്ങളും കൊഴുക്കുന്നു. പ്രാദേശിക വികസനത്തിലൂന്നിയ പ്രചാരണ വിഷയങ്ങൾ അവസാന റൗണ്ടിൽ ദേശീയ വിഷയങ്ങളിലേക്ക് വഴിമാറി. ജനരക്ഷാ യാത്രയോടനുബന്ധിച്ച് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വാക്പോരാണ് പ്രചാരണവിഷയം മാറ്റിമറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ബി.ജെ.പി നേതാക്കൾ ശക്തമായ പ്രത്യാക്രമണവും നടത്തി. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നതോടെ പോര് കനത്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ റോഡ്ഷോയും ഉമ്മൻ ചാണ്ടിയുടെ അവസാനഘട്ട പര്യടനവും യു.ഡി.എഫ് ക്യാമ്പിൽ ഇളക്കമുണ്ടാക്കിയിട്ടുണ്ട്. പാർട്ടി സംവിധാനം അപര്യാപ്തമാണെങ്കിലും ഇതിനെ മറികടക്കും വിധമാണ് എൽ.ഡി.എഫ് പ്രചാരണം. ശനിയാഴ്ച േകാടിയേരിയും ഉമ്മൻ ചാണ്ടിയും പ്രചാരണം കൊഴുപ്പിക്കാൻ മണ്ഡലത്തിലുണ്ടായിരുന്നു. ഞായറാഴ്ച വി.എസ്. അച്യുതാനന്ദൻ മണ്ഡലത്തിലുണ്ട്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ കുടുംബയോഗങ്ങളിൽ സജീവമാണ്. ഉമ്മൻ ചാണ്ടിയും ഹസനും ഞായറാഴ്ചയും ഇവിടെ തുടരും. ബി.ജെ.പിയുടെ ജനരക്ഷായാത്ര വേങ്ങരയിലെത്തുന്നതും ഞായറാഴ്ചയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ യാത്രയോടനുബന്ധിച്ച് വേങ്ങരയിലെത്തും. തിങ്കളാഴ്ചയാണ് പ്രചാരണ കൊട്ടിക്കലാശം. അതിനിടെ, അണ്ടർ -17 ലോകകപ്പ് വന്നത് യുവാക്കളുടെ ശ്രദ്ധ മാറാൻ കാരണമായിട്ടുണ്ട്.
വോട്ടർമാർക്കിടയിലെ തണുപ്പൻ പ്രതികരണം നേതാക്കളെ ആശങ്കാകുലരാക്കിയെന്നതും വാസ്തവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.