കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഉണ്ടായ പരാജയത്തിന്റെ ജാള്യത വിട്ടുമാറിയിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഉണ്ടായ പരാജയത്തിന്റെ ജാള്യത ഇനിയും വിട്ടുമാറിയിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. തന്റെ തെരഞ്ഞെടുപ്പ് വിജയം അബദ്ധത്തില്‍ ആണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് സതീശന്‍ പാച്ചേനിയുമായി മത്സരിച്ചപ്പോള്‍ കേവലം 1,600 ലേറെ വോട്ടുകള്‍ക്ക് മാത്രമാണ് എം.ബി രാജേഷ് വിജയിച്ചത്. ഇതും അബദ്ധത്തില്‍ ആയിരിക്കും.

ചിറ്റൂരുകാരനായ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഇതുവരെ കെ. കൃഷ്ണന്‍കുട്ടിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരസ്യമായും രഹസ്യമായും അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരാളാണ് സിപിഎം ജില്ലാ സെക്രട്ടറി. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ കഴിയില്ല. സംസ്ഥാന നേതൃത്വം ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. ഇതിന്റെ ജാള്യത മറക്കാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത്.

2019 ല്‍ ഇടതുമുന്നണിക്കേറ്റ പരാജയത്തിന്റെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല. ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്. ആരെ സ്ഥാനാര്‍ഥി ആക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണമെന്ന് സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പി-സിപിഎം രഹസ്യ ബാന്ധവത്തിന്റെ ഇടനിലക്കാരനാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജനാധിപത്യവിരുദ്ധമായ കൂട്ടുകെട്ടാണ് ജനതാദള്‍ (എസ്) നുള്ളത്. ധാര്‍മികത ഇല്ലാത്ത നിലപാടാണ് സി.പി.എമ്മും ജനതാദളും തുടരുന്നതെന്നും അദ്ദേഹം പാലക്കാട് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ജനതാദളിന് കേരളത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ ആവും. ഇതോടെ അംഗത്വം തന്നെ റദ്ദാക്കപ്പെടും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ജനതാദളിന് എങ്ങനെ സമരം ചെയ്യാന്‍ കഴിയും. കേരളത്തില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഒപ്പം നില്‍ക്കുകയും കേന്ദ്രത്തില്‍ ബി.ജെ.പിയെ അനുകൂലിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കെ കൃഷ്ണന്‍കുട്ടിയുടേത്. വിചിത്രമായ നിലപാടാണ് ഇത്.

സി.പി.എം കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ജനതാദളിനെ കുറിച്ച് മിണ്ടാത്തത് ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കൊണ്ടാണ്. നയവും നിലപാടും ഇല്ലാത്ത പാര്‍ട്ടിയായി ജനതാദള്‍ അധപ്പതിച്ചു. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നിലപാടാണ് കൃഷ്ണന്‍കുട്ടിയുടേത്. ഇടതുമുന്നണിയും സി.പി.എമ്മും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി.കെ. ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - VK Srikandan said that the pain of CPM's defeat in the last Lok Sabha elections has not gone away.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.