ന്യൂയോർക്ക്: നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ഭൂമിയുമായി സമ്പർക്കം സ്ഥാപിച്ചു. 1981മുതൽ ഉപയോഗിച്ചിട്ടില്ലാത്ത ഒരു റേഡിയോ ട്രാൻസ്മിറ്ററിന്റെ സഹായത്തോടെയാണ് വോയേജർ 1 ഭൂമിയുമായുള്ള ബന്ധം തിരിച്ചുപിടിച്ചത്.
15 ബില്യൺ മൈൽ അകലെയുള്ള ഇന്റർസ്റ്റെല്ലാർ ബഹിരാകാശത്താണ് പേടകമുള്ളത്. പേടകത്തിന്റെ ട്രാൻസ്മിറ്ററുകളിലൊന്ന് അടച്ചു പൂട്ടിയതിനാൽ ഒക്ടോബർ 16ന് ആശയവിനിമയത്തിന് തടസ്സം നേരിടുകയുണ്ടായി.
ഭൂമിയിൽ നിന്ന് വോയേജറിലേക്ക് ഒരു സന്ദേശം എത്താൻ ഏതാണ്ട് 23 മണിക്കൂർ എടുക്കുമെന്നാണ് നാസ പറയുന്നത്. അതിനാൽ ഒക്ടോബർ 16ന് നാസയുടെ എൻജിനീയർമാർ പേടകത്തിലേക്ക് നിർദേശം അയച്ചപ്പോൾ ഒക്ടോബർ 18 വരെ ഒരു പ്രതികരണവും ലഭിച്ചില്ല.
ഒരു ദിവസത്തിനു ശേഷം വോയേജറുമായുള്ള ആശയവിനിമയം പൂർണമായും നിലക്കുകയും ചെയ്തു. അന്വേഷണം നടത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. വോയേജർ 1ന് രണ്ട് ട്രാൻസ്മിറ്ററുകൾ ഉണ്ട്. എക്സ് ബാൻഡ് എന്ന് വിളിക്കുന്ന ഒരു ട്രാൻസ്മിറ്റർ മാത്രമാണ് വർഷങ്ങളായി ഉപയോഗിക്കുന്നത്. 1981 മുതൽ ഉപയോഗിക്കാത്തതാണ് രണ്ടാമത്തെ ട്രാൻസ്മിറ്റർ. അതിന് വ്യത്യസ്ത ആവൃത്തിയാണുള്ളത്.
നക്ഷത്രാനന്തര ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യ നിർമിത വസ്തുവാണ് വോയേജർ 1. വ്യാഴത്തിന് ചുറ്റും നേർത്ത വളയവും രണ്ട് പുതിയ ജോവിയൻ ഉപഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട് ഈ പേടകം. തീബ്, മെറ്റിസ് എന്നാണ് ജോവിയൻ ഉപഗ്രഹങ്ങളുടെ പേര്. കൂടാതെ ശനിയിൽ അഞ്ച് അമാവാസികളും ജി റിങ് എന്ന പുതിയ മോതിര വലയവും പേടകം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.