നിത്യയൗവനത്തിന് 45കാരൻ പ്രതിവർഷം ചെലവിടുന്നത് 16 കോടി; 5.1 വയസ് കുറഞ്ഞെന്ന് അവകാശവാദം

നിത്യ യൗവനം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ..? വാർധക്യം ബാധിക്കാത്ത ജീവിതം സമ്മാനമായി ലഭിച്ച ഭാഗ്യവാൻമാരെ കുറിച്ചുള്ള മുത്തശ്ശി കഥകൾ അത്ഭുതത്തോടെ കേട്ടിരുന്നിട്ടില്ലേ. എന്നാൽ, അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ സംരംഭകൻ നിത്യ യൗവനമെന്ന സ്വപ്നത്തിന് പിറകേയാണ്. അതും വർഷങ്ങളായി. അതിൽ താൻ ഭാഗികമായി വിജയിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

കാലിഫോർണിയ ആസ്ഥാനമായുള്ള കേർണൽകോ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ ജോൺസണാണ് 18 വയസുകാരന്റെ ശ​രീരം ലഭിക്കാൻ ഓരോ വർഷവും 2 മില്യൺ ഡോളർ (16 കോടി രൂപ) ചെലവഴിക്കുന്നത്. നിത്യയൗവനത്തിലേക്ക് എത്താനായുള്ള തന്റെ ശ്രമത്തിനെ പ്രൊജക്ട് ബ്ലൂപ്രിന്റ് (Project Blueprint) എന്നാണ് അദ്ദേഹം വിളിക്കുന്നത്. 'പ്രോജക്റ്റ് ബ്ലൂപ്രിന്റ്' വഴി ഇതുവരെ തന്റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായും ബ്രയാൻ അവകാശപ്പെടുന്നുണ്ട്.

തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 45 കാരനായ ജോൺസൺ 30 ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു ടീമിനെ തന്നെ കൂടെ കൂട്ടിയിട്ടുണ്ട്. അവരാണ് ജോൺസന്റെ ഓരോ അവയവങ്ങളുടെയും പ്രായമാകൽ പ്രക്രിയ പിടിച്ചുനിർത്താൻ സഹായിക്കുന്നതെന്നും ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

പ്രോജക്റ്റ് ബ്ലൂപ്രിന്റിന്റെ ഭാഗമായി, ജോൺസൺ കർശനമായ ദിനചര്യയാണ് പിന്തുടരുന്നത്. സസ്യാഹാരം മാത്രമാണ് ഭക്ഷണം. പ്രതിദിനം 1,977 കലോറി ഉപഭോഗം ചെയ്യുന്ന അദ്ദേഹം ഒരു മണിക്കൂർ വ്യായാമം ചെയ്ത്, എല്ലാ രാത്രിയിലും ഒരേ സമയം ഉറങ്ങുകയും ചെയ്യും.

രാവിലെ 5 മണിക്കാണ് അദ്ദേഹത്തിന്റെ പ്രഭാതം ആരംഭിക്കുന്നത്. ക്രിയാറ്റിനും കോളജൻ പെപ്റ്റൈഡുകളും അടങ്ങിയ ഒരു ഗ്രീൻ ജ്യൂസാണ് പ്രഭാത ഭക്ഷണം. പിന്നാലെ, ശതകോടീശ്വരന്റെ ശരീര നിരീക്ഷണ മഹാമഹം തുടങ്ങുകയും ചെയ്യും.

അൾട്രാസൗണ്ട്, എം.ആർ.ഐ, കോളനോസ്കോപ്പി, രക്തപരിശോധന, എന്നിവ 45-കാരന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എല്ലാ ദിവസവും അതുണ്ടാവുകയും ചെയ്യും. ശരീര ഭാരം, ബോഡി മാസ് ഇൻഡക്സ്, ശരീരത്തിലെ കൊഴുപ്പ്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ് വ്യതിയാനങ്ങൾ എന്നിവ ദിവസവും അളന്ന് രേഖപ്പെടുത്തും. 

സി.ഇ.ഒയുടെ മെഡിക്കൽ ടീമിനെ നയിക്കുന്നത് 29 കാരനായ ഒലിവർ സോൾമാൻ എന്ന ഫിസിഷ്യനാണ്. മനുഷ്യർക്ക് അവരുടെ അവയവങ്ങളുടെ ജൈവിക പ്രായം 25 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒലിവറിന്റെ ലക്ഷ്യം. ‘‘കാലക്രമത്തിൽ 45 വയസ്സും, അവയവങ്ങൾക്ക് 35 വയസ്സുമുള്ള ഒരു വ്യക്തിയും ലോകത്തിലില്ല. എന്നാൽ, ബ്രയാൻ ജോൺസൺ അത് സാധ്യമാക്കിയെന്ന് എല്ലാ തരത്തിലും നമുക്ക് തെളിയിക്കാൻ കഴിഞ്ഞാൽ, അത് വലിയ പ്രതിഭാസമായേക്കുമെന്നും" ഒലിവർ ചൂണ്ടിക്കാട്ടുന്നു.

Full View

എങ്ങനെയാണ് ‘പ്രൊജക്ട് ബ്ലൂപ്രിന്റ്’ ജനിച്ചതെന്ന് ജോൺസൺ തന്റെ ബ്ലൂപ്രിന്റ് വെബ് സൈറ്റിൽ എഴുതിയിട്ടുണ്ട്. “ജീവിതത്തിലെ വേദനകൾ മറക്കാൻ അമിതമായി ഭക്ഷണം കഴിക്കുന്ന തന്റെ ശീലം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ഈ പ്രോജക്റ്റ് ജനിച്ചതെന്നാണ്’’ അദ്ദേഹം പറയുന്നത്. ജീവതത്തിൽ ഇത്രത്തോളം വിജയം സ്വന്തമാക്കിയിട്ടും എന്നെ തന്നെ നശിപ്പിക്കുന്ന ആ ചീത്ത സ്വഭാവത്തിൽ ഏർപ്പെടുന്നതിൽ നിന്ന് സ്വയം തടയാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. - ബ്രയാൻ എഴുതുന്നു.

അതേസമയം, ബ്രയാൻ ജോൺസന്റെ പ്രൊജക്ടിനെ തള്ളിയും പരിഹസിച്ചും നിരവധിപേർ എത്തുന്നുണ്ട്. 

Tags:    
News Summary - 45-year-old American CEO spends RS 16 crore every year to get the body of 18-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.