കക്കോടി: പച്ച വാൽനക്ഷത്രം (green comet) ബുധനാഴ്ച ഭൂമിക്ക് ഏറ്റവും അടുത്തെത്തും. സമീപകാലത്തായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പച്ച വാൽനക്ഷത്രം ഏതാണ്ട് നാലു കോടി കി.മീ അകലത്തിലാണ് ഭൂമിക്ക് അടുത്തെത്തുക. ക്രമേണ ഇത് ഭൂമിയിൽനിന്ന് അകന്നുപോകും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെറും കണ്ണുകൊണ്ട് കഷ്ടിച്ചുമാത്രം കണ്ടിരുന്ന വാൽനക്ഷത്രം അടുപ്പത്തിലായതിനാൽ ഒന്നുകൂടി തെളിയാൻ സാധ്യതയുണ്ടെന്ന് അമച്വർ വാനനിരീക്ഷകനും ആസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
രാത്രി നന്നായി ഇരുട്ടുന്നതോടെ വാൽനക്ഷത്രത്തെ വടക്കൻ മാനത്ത് ധ്രുവനക്ഷത്രത്തിന് അൽപം തെക്കുമാറി മങ്ങിയ മേഘത്തുട്ടുപോലെ കാണാം. 2022 മാർച്ച് രണ്ടിന് ഗരുഢൻ (Aquila) നക്ഷത്രഗണത്തിലാണ് കണ്ടെത്തുന്നത്. അന്ന് ഏതാണ്ട് 90 കോടി കി.മീ അകലെയായിരുന്നു.
ഇതിന് മുമ്പ് ഈ വാൽനക്ഷത്രം വന്നത് ഏതാണ്ട് അരലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് വാനനിരീക്ഷകർ കരുതുന്നത്. ഫെബ്രുവരി അഞ്ചു മുതൽ രണ്ടാഴ്ച ഇത് കാപ്പല്ല നക്ഷത്രത്തിന് സമീപത്തുകൂടെ ചൊവ്വഗ്രഹത്തിനും രോഹിണി നക്ഷത്രത്തിനും സമീപത്തുകൂടി തെക്കോട്ടു നീങ്ങും.
ഫെബ്രുവരി 10ന് ചൊവ്വാഗ്രഹത്തിനടുത്തെത്തുമ്പോൾ നിരീക്ഷണ സാധ്യത ഏറെയാണ്. വാൽനക്ഷത്രത്തെ നന്നായി കാണാൻ ഏറ്റവും അനുയോജ്യമായ ഉപകരണം ബൈനോക്കുലറാണ്. ഔദ്യോഗികമായി 'C/2022E3 (ZTF) എന്ന് പേരിട്ടിരിക്കുന്ന ഈ വാൽനക്ഷത്രം സൗരയൂഥത്തിന്റെ വിദൂരമേഖലയായ ഊർട്ട് ക്ലൗഡിൽ നിന്നായിരിക്കാം വന്നതെന്ന് കരുതുന്നു.
അവിടത്തെ ഏതാനും കിലോമീറ്റർ മാത്രം വലുപ്പമുള്ള ഹിമ പിണ്ഡങ്ങളാണ് വാൽനക്ഷത്രത്തിന്റെ ഭ്രൂണങ്ങൾ (കുറെക്കൂടി അടുത്തുള്ള കൂയിപ്പർ ബെൽട്ടിലും ഇത്തരം വാൽനക്ഷത്ര ഭ്രൂണങ്ങൾ കാണുന്നുണ്ട്). അവ സൂര്യന് സമീപത്തേക്ക് കുതിച്ചെത്തുമ്പോൾ ഹിമപദാർഥങ്ങൾ ബാഷ്പീകരിക്കുന്നതുമൂലം തലയും വാലും രൂപപ്പെടുന്നു. തലക്ക് പതിനായിരക്കണക്കിനും വാലിന് കോടിക്കണക്കിനും കി.മീ നീളമുണ്ടാകാറുണ്ടെന്നും സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.