ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി ആദിത്യ എൽ1

ബംഗളൂരു: സൂര്യനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ നിരീക്ഷണ പേടകമായ ആദിത്യ എൽ1 അതിന്‍റെ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി. ജനുവരി ആറിനാണ് ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ ആദിത്യ എൽ1 ഭ്രമണം ആരംഭിച്ചത്. 178 ദിവസമെടുത്താണ് ഭ്രമണം പൂർത്തിയാക്കിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

പേടകം ഭ്രമണപഥത്തിൽ നിന്ന് മാറാതിരിക്കാനായി മൂന്ന് തവണ ത്രസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 22, ജൂൺ ഏഴ്, ജൂലൈ രണ്ട് എന്നീ ദിവസങ്ങളിലായിരുന്നു ഇത്. പേടകം രണ്ടാം ഭ്രമണം ആരംഭിച്ചെന്ന് ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ പറഞ്ഞു.


സെപ്റ്റംബർ രണ്ടിന് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിക്ഷേപിച്ച ആദിത്യ എൽ1 ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്‍റിൽ എത്തിയത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണം തുല്യമായിരിക്കുന്ന ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലാണ് പേടകത്തിന്‍റെ ഭ്രമണം. 125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ സഞ്ചരിച്ചാണ് ലഗ്രാഞ്ച് പോയിന്‍റിൽ പേടകം എത്തിയത്.

സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീളുന്ന ദൗത്യത്തിലെ പ്രധാന ലക്ഷ്യം.

സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും പഠിക്കും. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.

അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഐ.എസ്.ആർ.ഒയെ കൂടാതെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്.

Tags:    
News Summary - Aditya-L1 achieves milestone with first halo orbit around L1 point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.