ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചത്. നാളെ ഉച്ചക്ക് 11.50നാണ് പേടകം കുതിച്ചുയരുക.
പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്‍റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.
പി.എസ്.എൽ.വി സി 57 റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്‍റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും.
തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്‍റിന് സമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്‍റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്‍റിലെത്താൻ നാല് മാസം വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.