ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വാദൗത്യമായ മംഗൾയാന്റെ ഇന്ധനം തീർന്നുവെന്ന് റിപ്പോർട്ടുകൾ. മംഗൾയാന് പ്രവർത്തിക്കാനാവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷിത പരിധി അവസാനിച്ചുവെന്നും അതിനാൽ പേടകം പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
2013 നവംബർ അഞ്ചിനാണ് 450 കോടി രൂപ ചെലവിൽ നിർമിച്ച ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം മംഗൾയാൻ വിക്ഷേപിക്കപ്പെട്ടത്. പി.എസ്.എൽ.വി സി 25 ഉപയേഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്റ്റംബർ 24-ന് ആദ്യ ശ്രമത്തിൽ തന്നെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിപ്പിക്കപ്പെട്ടു.
'ഇപ്പോൾ, പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹത്തിന്റെ ബാറ്ററി തീർന്നു. ബന്ധം നഷ്ടമായി ' -ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞു. പക്ഷേ, ഐ.എസ്.ആർ. ഒയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
മംഗൾയാൻ ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. മംഗൾയാൻ അതിന്റെ ജോലി മനോഹരമായി നിർവഹിച്ചു. നിരവധി ശാസ്ത്രീയ വിവരങ്ങൾ നൽകുകയും ചെയ്തു.
15 കിലോയോളം ഭാരം വരുന്ന അഞ്ച് സയന്റിഫിക് പേ ലോഡുകൾ വഹിച്ചാണ് മംഗൾയാൻ ദൗത്യം തുടങ്ങിയത്. ചൊവ്വയുടെ ഉപരിതല ഭൗമശാസ്ത്രം, രൂപഘടന, അന്തരീക്ഷ പ്രക്രിയകൾ, ഉപരിതല താപനില, അറ്റ്മോസ്ഫെറിക് എസ്കേപ് പ്രൊസസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് പേ ലോഡുകൾ പ്രവർത്തിച്ചത്.
മാർസ് കളർ ക്യാമറ (എം.സി.സി), തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റർ (ടി.ഐ.എസ്), മീഥേൻ സെൻസർ ഫോർ മാർസ് (എം.എസ്.എം), മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ (എം.ഇ.എൻ.സി.എ), ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽ.എ.പി) എന്നീ അഞ്ച് ഉപകരണങ്ങൾ മംഗൾയാനിൽ ഉണ്ട്.
മാർസ് കളർ ക്യാമറ വഴി 1000-ലധികം ചിത്രങ്ങൾ എടുക്കുകയും ഒരു മാർസ് അറ്റ്ലസ് തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ചൊവ്വയിലേക്കുള്ള അടുത്ത ദൗത്യം ഇതുവരെ ഉറപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.