പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

മരണം പ്രവചിക്കുന്ന എ.ഐ കാൽക്കുലേറ്റർ; വമ്പൻ മാറ്റത്തിനൊരുങ്ങി യു.കെയിലെ ആശുപത്രികൾ

രോഗ്യ രംഗത്ത് വിപ്ലകരമായ പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുകയാണ് യു.കെയിലെ ഏതാനും ആശുപത്രികൾ. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) സഹായത്തോടെ രോഗികളുടെ മരണം പ്രവചിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ചുമ്മാ പ്രവചിക്കലല്ല, സ്ഥിരമായി ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് മരിക്കാൻ സാധ്യതയുള്ള പ്രായം കണക്കാക്കുന്നത്. ‘എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ അഥവാ എ.ഐ.ആർ.ഇ’ എന്നു പേരിട്ട സാങ്കേതിക വിദ്യയിലൂടെ കാർഡിയോളജിസ്റ്റുകൾക്ക് മനസിലാക്കാൻ പറ്റാത്ത രോഗാവസ്ഥ വരെ തിരിച്ചറിയാൻ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

ഹൃദയത്തിന്റെ ഇലക്ട്രിക്കൽ ആക്ടിവിറ്റി അളക്കുന്ന ഇ.സി.ജി റീഡിങ്ങിൽ എ.ഐ.ആർ.ഇ അസാമാന്യ കൃത്യത പുലർത്തുന്നതായി ഡെയ്‍ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇ.സി.ജിയെ ആഴത്തിൽ വിശകലനം ചെയ്ത് ഏറ്റവും ചെറിയ പ്രശ്നങ്ങൾ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷകൾ ഉൾപ്പെടെ മനസിലാക്കാനും എ.ഐ.ആർ.ഇക്ക് കഴിയും. രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു വളരെ മുമ്പുതന്നെ ഹൃദയാഘാത സാധ്യതയും കണ്ടെത്തുകയും നിലവിലെ ആരോഗ്യ സ്ഥിതിയുടെ അടിസ്ഥാനത്തിൽ ആയുർ ദൈർഘ്യം പ്രവചിക്കുകയും ചെയ്യും.

യു.കെയിലെ ആരോഗ്യ ഏജൻസിയായ നാഷനൽ ഹെൽത്ത് സർവീസിനു കീഴിലുള്ള ആശുപത്രികളിലാണ് എ.ഐ.ആർ.ഇ ട്രയൽ റൺ നടത്തുക. അഞ്ച് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി. പരീക്ഷണ ഘട്ടത്തിൽ 78 ശതമാനം കൃത്യതയാണ് എ.ഐ.ആർ.ഇ കാഴ്ചവെച്ചത്. ഇത് വീണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 1.89 ലക്ഷം രോഗികളുടെ 1.16 ദശലക്ഷം ഇ.സി.ജി റിപ്പോർട്ടുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇവർക്ക് പിന്നീട് നേരിടേണ്ടിവന്ന രോഗാവസ്ഥകളെല്ലാം എ.ഐ.ആർ.ഇ പ്രവചിക്കുന്നുണ്ട്.

അതേസമയം ഈ സംവിധാനം ഡോക്ടർമാർക്ക് പകരമല്ലെന്നും അവരുടെ ജോലി കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയുള്ളതാണെന്നും വിദഗ്ധർ പ്രതികരിച്ചു. ഇ.സി.ജി എന്നത് വളരെ കുറഞ്ഞ ചെലവിൽ നടത്താവുന്ന ആരോഗ്യ പരിശോധനകളിൽ ഒന്നാണ്. അതുവഴി രോഗിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാനും കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുന്നു. ഇത് വലിയ മുന്നേറ്റമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

യുവാക്കളിൽ ഹൃദയാഘാതവും സ്ട്രോക്കും ഏറിവരുന്ന ഘട്ടത്തിലാണ് വിപ്ലവകരമായ കണ്ടുപിടിത്തമെന്നത് ശ്രദ്ധേയമാണ്. ഉയർന്ന രക്ത സമ്മർദവും അമിത ഭാരവും പ്രമേഹവും ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ എ.ഐ.ആർ.ഇക്ക് വലിയ പ്രസക്തിയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Tags:    
News Summary - AI calculator can tell how close you are to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.