ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് റമദാൻ ആശംസ നേർന്ന് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. ചന്ദ്രക്കല തെളിയുന്ന വിഡിയോ സഹിതമാണ് ട്വിറ്ററിൽ ആശംസ വാചകങ്ങൾ കുറിച്ചത്. എല്ലാവർക്കും അനുഗൃഹീതമായ ഒരു റമദാൻ കാലം നേരുന്നതായി അദ്ദേഹം കുറിച്ചു. ബഹിരാകാശ നിലയത്തിന്റെ നിരീക്ഷണ സ്ഥലമായ കപ്പോളയിൽ നിന്നാണ് ചന്ദ്രക്കലയുടെ ചിത്രം പകർത്തിയത്. രാത്രിനേരത്ത് ചന്ദ്രന്റെ ചെറിയ ഭാഗം നല്ല തിളക്കത്തിലാണ് വിഡിയോയിലുള്ളത്. മറ്റു ഭാഗങ്ങൾ ചെറിയ വെളിച്ചത്തിൽ തെളിയുന്നുമുണ്ട്.
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികനായ അൽ നിയാദി മാർച്ച് മൂന്നിനാണ് നിലയത്തിൽ എത്തിയത്. റമദാൻ കാലത്ത് നോമ്പ് അനുഷ്ഠിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈത്തപ്പഴം അടക്കമുള്ള വിഭവങ്ങളും ഇതിനായി കരുതിയിട്ടുണ്ട്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.