ഏറ്റവും വലിയ റാപ്റ്റർ ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയെന്ന് അർജന്റീനിയൻ ശാസ്ത്രജ്ഞർ

ഏറ്റവും വലിയ റാപ്റ്റർ ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയതായി അർജന്റീനിയൻ പാലിയന്റോളജിസ്റ്റുകൾ. കോവിഡ് -19 നിയന്ത്രണങ്ങൾ വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2019 മാർച്ചിൽ പാറ്റഗോണിയൻ പ്രവിശ്യയായ സാന്താക്രൂസിൽ നിന്ന് ശേഖരിച്ച ഫോസിലുകളാണ് പഠനത്തിനുശേഷം ഏറ്റവും വലിയ പറക്കും ദിനോസറുകളുടേതാണെന്ന് കണ്ടെത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ദിനോസറിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്ന് അവർ പറയുന്നു. 'മെയ്പ് മാക്രോതൊറാക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ദിനോസറുകൾക്ക് ഒമ്പത് മുതൽ 10 മീറ്റർ വരെ (അതായത് 29.5 മുതൽ 32.8 അടി വരെ) നീളമുണ്ടായിരുന്നു എന്ന് ഗവേഷകർ പറയുന്നു. മുമ്പ് കണ്ടെത്തിയ മറ്റ് പറക്കും ദിനോസറുകൾക്ക് ഒമ്പത് മീറ്ററിൽ കൂടുതൽ നീളമുണ്ടായിരുന്നില്ലെന്ന് ഗവേഷകരിൽ ഒരാളായ മൗറോ അരൻസിയാഗ റൊളാൻഡോ പറഞ്ഞു.


''ഈ ജീവി വളരെ വലുതാണ്, ഞങ്ങൾക്ക് അവയുടെ ധാരാളം അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ സാധിച്ചു.'' കഴിഞ്ഞദിവസം ബ്യൂണസ് അയേഴ്സിലെ ബെർണാർഡിനോ റിവാഡാവിയ നാച്ചുറൽ സയൻസസ് അർജന്റീന മ്യൂസിയത്തിൽ ഫോസിലുകൾ പ്രദർശിപ്പിച്ച വേളയിൽ റൊളാൻഡോ വ്യക്തമാക്കി.

മാംസഭുക്കുകളായ ഈ പറക്കും ദിനോസറുകൾ അർജന്റീനയുടെ തെക്കേ അറ്റത്ത് 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വസിച്ചിരുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്.

ശക്തമായ അസ്ഥികൂടമുള്ള മൃഗങ്ങളായിരുന്നു മെഗാരാപ്റ്റർ വിഭാഗത്തിൽ ഉൾപ്പെട്ട ഈ ദിനോസറുകൾ. നീളമുള്ള വാലും കഴുത്തും 60ലധികം ചെറിയ പല്ലുകളുള്ള നീളമേറിയ തലയോട്ടിയുമായിരുന്നു ഇവയുടെ സവിശേഷത. അതുതന്നെയായിരുന്നു ഈ ജീവികളുടെ ഏറ്റവും വലിയ ആയുധമെന്നും ഗവേഷകർ പറയുന്നു.

നാഷണൽ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ റിസർച്ച് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പര്യവേഷണവും ഗവേഷണവും നടന്നത്. രണ്ട് ജാപ്പനീസ് ശാസ്ത്രജ്ഞരും അർജന്റീനയുടെ ഈ സംരംഭത്തിൽ പങ്കാളികളായി.

Tags:    
News Summary - argentine scientists discover fossil of largest raptor dinosaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.