ബംഗളൂരു: മൂന്നുവർഷമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഇന്ത്യയുടെ 'ചാന്ദ്രയാന്‍-2' പേടകം ചന്ദ്രോപരിതലത്തില്‍ ആദ്യമായി സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ചാന്ദ്രയാന്‍-2 പേടകത്തിന്റെ എക്സ്റേ സ്പെക്ട്രോമീറ്ററാണ് വൻതോതിൽ സോഡിയം സാന്നിധ്യം കണ്ടെത്തിയത്. നേരത്തേ ചാന്ദ്രയാന്‍-1ന്റെ എക്സ്റേ ഫ്ലൂറസെന്‍സ് സ്പെക്ട്രോമീറ്റര്‍ (സി1എക്സ് എസ്) സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും കൂടുതല്‍ അളവില്‍ കണ്ടെത്താനാകുമെന്ന സാധ്യത തുറന്നിടുകയും ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകള്‍ മറ്റ് മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്താൻ വഴിയൊരുക്കുമെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) അറിയിച്ചു.
ചാന്ദ്രയാന്‍-2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റര്‍ (ക്ലാസ്) ഉപയോഗിച്ച് ആദ്യമായി സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് 'ദി ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍' ആണ് പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ ധൂളികളുമായി നേരിയതോതിൽ ബന്ധപ്പെട്ടിരിക്കുന്ന സോഡിയം ആറ്റങ്ങളുടെ നേർത്ത പാളിയിൽനിന്നാണിതുണ്ടായതെന്നാണ് പഠനത്തിൽ വ്യക്തമായത്. മറ്റ് ചന്ദ്രധാതുക്കളിൽ ഉള്ളതിൽനിന്ന് വ്യത്യസ്തമായി ഈ സോഡിയം ആറ്റങ്ങളെ സൗരവാതം അല്ലെങ്കിൽ അള്‍ട്രാവയലറ്റ് വികിരണം മുഖേന എളുപ്പത്തില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് പുറത്തേക്ക് തള്ളാനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. 'എക്സോസ്ഫിയര്' എന്ന് വിളിക്കുന്ന ചന്ദ്രന്റെ അന്തരീക്ഷത്തിൽ സോഡിയം ആറ്റങ്ങളുടെ സാന്നിധ്യമുണ്ട്. ഈ പ്രദേശം ചന്ദ്രന്റെ ഉപരിതലത്തില്‍ ആരംഭിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ച് സൗരയൂഥത്തിലേക്ക് ലയിക്കുന്നു. പുതിയ കണ്ടെത്തലുകൾ ചന്ദ്രനിലെ എക്സോസ്ഫിയർ പഠനത്തിന് പാത തുറക്കുന്നതാണ്. ഇത് സൗരയൂഥത്തിലും അതിനപ്പുറവും മെർക്കുറി ഉൾപ്പെടെയുള്ളവക്കും സമാന മാതൃക വികസിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ യു.ആര്. റാവു ഉപഗ്രഹ കേന്ദ്രത്തിലാണ് 'ക്ലാസ്' നിർമിച്ചത്. ഇതിന്റെ ഉയർന്ന സംവേദനക്ഷമതയാണ് സോഡിയം സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താൻ സഹായകമായതെന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു.
മഗ്നീഷ്യം, അലൂമിനിയം, സിലിക്കണ്‍, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ പ്രധാന മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുള്ളതാണ് 'ക്ലാസ്'. 2019 ജൂലൈയിൽ ഭ്രമണപഥത്തിൽ എത്തിയതു മുതൽ ചാന്ദ്രയാൻ-2 ചന്ദ്രോപരിതലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയാണ്. മൂന്ന് വർഷത്തിനിടെ നിരവധി നിർണായക വിവരങ്ങൾ ചാന്ദ്രയാൻ-2 നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം ചന്ദ്രോപരിതലത്തില്‍ ക്രോമിയത്തിന്റെയും മാങ്കനീസിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.