ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം ഉച്ചയോടെ നടക്കുമെന്ന് റിപ്പോർട്ട്. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കാനുള്ള ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബംഗളൂരുവിലെ സാറ്റലൈറ്റ് സെന്‍ററാണ് ഭ്രമണപഥമാറ്റത്തിന് മേൽനോട്ടം വഹിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എൽ.വി.എം 3 റോക്കറ്റ് എത്തിച്ചത്. നിലവിൽ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (പെരിജി) 170 കിലോമീറ്ററും ഭൂമിയുടെ ഏറ്റവും ദൂരെയുള്ള അകലം (അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണം ചെയ്യുന്നത്. ഈ ഭ്രമണപഥത്തമാണ് ഇന്ന് വികസിപ്പിക്കുന്നത്.
ചന്ദ്രയാന്‍റെ ഭ്രമണപഥം അഞ്ച് തവണയാണ് വികസിപ്പിക്കുക. തുടർന്ന് ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽ നിന്നും പേടകം ചന്ദ്രനിലേക്ക് യാത്ര ആരംഭിക്കും. ഈ ലൂണാർ ട്രാൻസഫർ ട്രാജക്ടറി ജൂലൈ 31നോ ആഗസ്റ്റ് ഒന്നിനോ ആയിരിക്കുമെന്ന് വി.എസ്.എസ്.സി മേധാവി എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ്.
അതിനിടെ, ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഭ്രമണപഥത്തിൽ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിൽ ഘടിപ്പിച്ച കാമറകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണതറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയരുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രസ്റ്റർ റോക്കറ്റ് വേർപ്പെടുന്നതും ക്രയോജനിക് എൻജിനിൽ നിന്ന് ചന്ദ്രയാൻ മൂന്ന് പേടകം വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.