ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ; ആദ്യ ഭ്രമണപഥ താഴ്ത്തൽ നാളെ

ബംഗളൂരു: ചാന്ദ്രാദൗത്യത്തിലെ മറ്റൊരു നിർണായക ഘട്ടം കൂടി ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി പിന്നിട്ടു. ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെ യാത്ര ചെയ്യുകയായിരുന്ന പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ചാണ് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകത്തെ എത്തിച്ചത്. നിലവിൽ ചന്ദ്രന്‍റെ 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വെക്കുന്നത്

ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന ചന്ദ്രയാൻ മൂന്നിന്‍റെ ആദ്യ ഭ്രമണപഥ താഴ്ത്തൽ നാളെ (ആഗസ്റ്റ് 6) രാത്രി 11 മണിക്ക് നടക്കും. ഇതിന് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്ട്രാക്) മേൽനോട്ടം വഹിക്കും.

ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് പേടകത്തെ ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റിയത്. തുടർന്ന് നാല് ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെ യാത്ര ചെയ്താണ് പേടകം ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിന് സമീപമെത്തിയത്. തുടർന്ന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ഭ്രമണപഥത്തിൽ സ്ഥാപിച്ചു.

ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും. 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടത്തുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ് ആഗസ്റ്റ് 23നാണ്. 

Tags:    
News Summary - Chandrayaan-3 has been successfully inserted into the lunar orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.