ന്യൂഡൽഹി: ചന്ദ്രയാൻ-3 ന്റെ അഭിമാന നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഐ.എസ്.ആർ.ഓ ചീഫ് എസ്. സോമനാഥിന് സോണിയ അഭിനന്ദന കത്ത് അയച്ചു.
"ഐ.എസ്.ആർ.ഒയുടെ മികവുറ്റ നേട്ടത്തിൽ ഞാൻ അത്രയധികം സന്തോഷവതിയാണ്. ഇന്ത്യയുടെ അഭിമാന മുഹൂർത്തമാണ് ഇത്. പ്രത്യേകിച്ചും പുതുതലമുറക്ക്. ദശവർഷങ്ങൾകൊണ്ട് ഐ.എസ്.ആർ.ഒ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാണ്. ഐക്യത്തോടെയുള്ള പ്രവർത്തന ശൈലിയും മനോഭാവവുമാണ് ലക്ഷ്യങ്ങൾ സാധൂകരിക്കാൻ വഴിയാകുന്നത്. എല്ലാ ഐ.എസ്.ആർ.ഒ പ്രവർത്തകർക്കും എന്റെ എല്ലാവിധ ആശംസകളും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു" -സോണിയ പറഞ്ഞു.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.