ബംഗളൂരു: ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രന്‍റെ മണ്ണിൽ ഇറങ്ങിയ ലാൻഡർ നടത്തിയ ഏറ്റവും പുതിയ പരീക്ഷണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന സന്തോഷകരമായ വിവരവും വിഡിയോയുമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ലാൻഡറിന്റെ എല്ലാ സംവിധാനങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്. റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ), ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ), ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്‍റ് (ഇൽസ) എന്നീ ലാൻഡറിലെ ഉപകരണങ്ങൾ പരീക്ഷണങ്ങൾക്ക് ശേഷം പൂർവസ്ഥിതിയിലേക്ക് മാറ്റിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള ഉപകരണമാണ് രംഭ. മണ്ണിന്‍റെ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് ചാസ്തെ, ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ഉപകരണമാണ് ഇൽസ.
ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങിയ ലാൻഡ് ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ ഒരു ചാന്ദ്രദിവസമാണ് പര്യവേക്ഷണം നടത്തിയത്. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം നടത്തിയ ലാൻഡറും റോവറും പ്രവർത്തനം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.
എന്നാൽ, ലാൻഡറിലെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.