ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ശേഖരിച്ച് ചൈനയുടെ ഷാങ്ങെ-6 എന്ന പേടകം ഭൂമിയിലിറങ്ങിയത് കഴിഞ്ഞദിവസമാണ്; അതും ഭൂമിയിൽനിന്ന് നമുക്ക് കാണാൻ കഴിയാത്ത ചന്ദ്രന്റെ മറുപാതിയിൽനിന്ന്. മുമ്പ്, അമേരിക്ക ഇങ്ങനെ ചന്ദ്രനിൽനിന്നുള്ള വസ്തുക്കളൊക്കെ ഭൂമിയിലെത്തിച്ചിട്ടുണ്ടെങ്കിലും, ഭൂമിയുടെ അഭിമുഖമായുള്ള ഭാഗത്തായിരുന്നു ഖനനം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ, ചൈനയുടെ നേട്ടം നിസ്സാരമല്ല. ആ നേട്ടത്തിൽ മറ്റു രാജ്യങ്ങൾക്ക് വെല്ലുവിളിയുമുണ്ട്.
എന്നാൽ, ചന്ദ്രന്റെ ആധിപത്യം ചൈനക്ക് അങ്ങനെയങ്ങ് വിട്ടുനൽകാൻ തയാറല്ലെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറയുന്നത്. ചാന്ദ്രയാൻ-3ന്റെ വിജയവിക്ഷേപണത്തോടെ ചാന്ദ്രപര്യവേക്ഷണത്തിൽ രാജ്യത്തിന്റെയും ഇസ്രോയുടെയും ആത്മവിശ്വാസം വർധിച്ചുവെന്നും അതിനാൽ അടുത്ത പദ്ധതിയിൽ (ചാന്ദ്രയാൻ-4) ചൈനീസ് മാതൃകയിൽ ചന്ദ്രോപരിതലത്തിൽനിന്ന് കല്ലും മണ്ണുമെല്ലാം കൊണ്ടുവരുമെന്നുമാണ് ചെയർമാന്റെ പ്രഖ്യാപനം. കഴിഞ്ഞദിവസം, ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലാണ് ചാന്ദ്രയാൻ -4നെക്കുറിച്ച് അദ്ദേഹം ചില സൂചനകൾ നൽകിയത്.
സൂചനകളിൽ മറ്റൊരു ‘രഹസ്യം’ കൂടി അദ്ദേഹം പുറത്തുവിട്ടു. ചാന്ദ്രയാൻ-4 ന്റേത് ഇരട്ട വിക്ഷേപണമായിരിക്കുമത്രെ. എന്നുവെച്ചാൽ, ചാന്ദ്രയാൻ-4ലെ പേ ലോഡുകൾ ഒരൊറ്റ റോക്കറ്റിൽ കൊണ്ടുപോകാനാകില്ല. അതിനാൽ, രണ്ട് ഘട്ടങ്ങളിലായി വിക്ഷേപണം നടക്കും. എന്നിട്ട്, ബഹിരാകാശത്തുവെച്ച്, നിരീക്ഷണോപകരണങ്ങളുടെയും മറ്റും കൂട്ടിച്ചേർക്കൽ നടക്കും. തുടർന്നായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോവുക. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.