Representational Image

ഇതു മാത്രമല്ല ലോകം; സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയത് 5000 ഗ്രഹങ്ങളെ

വാഷിങ്ടൺ ഡി.സി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളുടെ (എക്സോപ്ലാനെറ്റ്സ്) എണ്ണം 5000 പിന്നിട്ടു. 30 വർഷത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് നാസയുടെ ബഹിരാകാശ ദൂരദർശിനികൾ വിദൂരങ്ങളിൽ നിലകൊള്ളുന്ന 5000 ഗ്രഹങ്ങളെ കണ്ടെത്തിയത്.

സൗരയൂഥത്തിലെ പോലെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ, രണ്ട് നക്ഷത്രങ്ങൾക്കിടയിൽ കറങ്ങുന്ന ഗ്രഹങ്ങൾ, ജ്വലിച്ചുതീർന്ന നക്ഷത്രത്തെ ഇപ്പോഴും വലയംചെയ്യുന്ന ഗ്രഹങ്ങൾ എന്നിവയെല്ലാം നാസ ഇതുവരെ കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ട്. അതിൽ പലതും ഭൂമിയേക്കാൾ വലുതാണ്. സൗരയൂഥത്തിലെ നെപ്ട്യൂണിന് സമാനമായ നിരവധി ഗ്രഹങ്ങളുമുണ്ട്.

65 ഗ്രഹങ്ങളെ കൂടി കണ്ടെത്തിയത് മാർച്ച് 21ന് നാസ സ്ഥിരീകരിച്ചതോടെയാണ് ആകെ എണ്ണം 5000 കടന്നത്. വിവിധ നിരീക്ഷണ ഉപാധികളും വിശകലന വിദ്യകളും വഴി തിരിച്ചറിഞ്ഞ്, ആധികാരിക ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്യഗ്രഹങ്ങളുടെ പട്ടികയാണ് നാസ എക്സോപ്ലാനെറ്റ് ആർക്കൈവ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓരോ ഗ്രഹവും ഓരോ ലോകമാണെന്നും ഓരോന്നിനെയും കണ്ടെത്തുമ്പോൾ അവയെ കുറിച്ചോർത്ത് ആവേശംകൊള്ളുകയാണെന്നും നാസ എക്സോപ്ലാനെറ്റ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ജെസ്സി ക്രിസ്റ്റ്യൻസൻ പറ‍യുന്നു.

ഈ ഗ്രഹങ്ങളിൽ ഒന്നിൽപോലും ജീവന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജീവൻ നിലനിൽക്കാനുള്ള സാധ്യത ശാസ്ത്രം തള്ളിക്കളയുന്നുമില്ല. ഇവയിൽ ഭൂരിഭാഗം ഗ്രഹങ്ങളെയും കണ്ടെത്താനല്ലാതെ മറ്റ് പഠനങ്ങളൊന്നും സാധ്യമായിട്ടുമില്ല.

എവിടെയെങ്കിലും നാം ജീവന്‍റെ സാന്നിധ്യം കണ്ടെത്തുമെന്ന കാര്യം തീർച്ചയാണെന്ന് 30 വർഷം മുമ്പ് സൗരയൂഥത്തിന് പുറത്തെ ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തിയ പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ അലക്സാൻഡർ വോൾസ്ക്സാൻ പറയുന്നു. ചിലപ്പോൾ ആദിമരൂപത്തിലുള്ള ജീവനായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Cosmic Milestone: NASA Confirms 5,000 Exoplanets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.