ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിച്ച് നാസയുടെ ഡാർട്ട് പേടകം

ന്യൂയോർക്: ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള ഛിന്നഗ്രഹത്തിൽ നാസയുടെ ഡാർട്ട് പേടകം ഇടിച്ചിറക്കിയുള്ള പരീക്ഷണം വിജയം. ഛിന്നഗ്രഹത്തിൽ പേടകം ഇടിപ്പിച്ച് ഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണത്തിന്‍റെ ഭാഗമായുള്ള 'ഡാർട്ട് മിഷൻ' ആണ് വിജയം കണ്ടത്. ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിലാണ് നാസയുടെ പേടകം ഇടിച്ചിറങ്ങിയത്. ഭാവിയിൽ ഭൂമിക്ക് നേരെയടുക്കുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് പരീക്ഷണം. 

ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയുള്ള ഇരട്ട ഛിന്നഗ്രഹങ്ങളായ ഡിഡിമോസ്-ഡൈമോഫസിലെ ചെറിയ ഛിന്നഗ്രഹമായ ഡൈമോർഫസിലാണ് പരീക്ഷണ ഇടി നടത്തിയത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേ​ഗത്തിലാവും എന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരുന്നത്.

ഡിഡിമോസിനെ ഭ്രമണം ചെയ്യുകയായിരുന്ന ഡൈമോഫസിന് ഇടിയുടെ ഫലമായി ഭ്രമണ വേഗത കൂടി. നേരത്തെ 11 മണിക്കൂർ 55 മിനിറ്റെടുത്താണ് ഡിഡിമോസിനെ ഡൈമോഫസ് ചുറ്റിക്കൊണ്ടിരുന്നതെങ്കിൽ ഇടിക്ക് ശേഷം ഇത് 11 മണിക്കൂർ 45 മിനിറ്റായി കുറഞ്ഞു. 

ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് എന്നാണ് ഡാർട്ടിന്‍റെ പൂർണരൂപം. ഒമ്പതു മാസം മുമ്പാണ് നാസ പേടകം വിക്ഷേപിച്ചത്. ഡാർട്ട് ദൗത്യത്തിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചു കയറിയത്. 

170 മീറ്റർ ആയിരുന്നു ഡൈമോർഫസിന്റെ വ്യാസം. അവസാന അഞ്ചുമണിക്കൂർ ഭൂമിയിൽ നിന്നുള്ള നിയന്ത്രണം ഇല്ലാതെയാണ് ഡാർട്ട് പേടകം സഞ്ചരിച്ചത്. ഇടിക്കുന്നതിനു ഒരു മണിക്കൂർ മുമ്പുള്ള പേടകത്തിന്റെ ചിത്രവും നാസ പകർത്തി അയച്ചു. ഛിന്ന​ഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. 

നവംബര്‍ 24നായിരുന്നു ഡാര്‍ട്ട് പേടകത്തിന്റെ വിക്ഷേപണം. നാസയുടെ സ്‌പേസ് എക്‌സ് റോക്കറ്റിലേറിയായിരുന്നു ഡാര്‍ട്ടിന്റെ യാത്ര. 612 കിലോ ഭാരവും ഒന്നര മീറ്റര്‍ നീളവുമാണ് ഡാര്‍ട്ട് പേടകത്തിനുള്ളത്.

Tags:    
News Summary - Dangerous asteroid headed for Earth today, September 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.