അന്താരാഷ്ട്ര ബഹിരാകാശ നിലയം

ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ വീഴണമെന്നാണോ യു.എസ് ആഗ്രഹിക്കുന്നത്? ഉപരോധത്തെ വിമർശിച്ച് റോസ്കോസ്മോസ്

യു.എസിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിച്ചതിനെ വിമർശിച്ച് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ. ഉപരോധങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്ന് മാത്രമല്ല, നിലയത്തിന്‍റെ നിയന്ത്രണം നഷ്ടമായാൽ ഭൂമിയിൽ പതിച്ച് ദുരന്തമുണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമിയിൽ നിന്ന് 400 കി.മീറ്റർ അകലത്തിൽ ബഹിരാകാശത്ത് ഗവേഷണം നടത്തുന്ന കേന്ദ്രമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). യു.എസ്, റഷ്യ, കാനഡ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഐ.എസ്.എസിന്‍റെ പ്രവർത്തനം. ഫുട്ബാൾ ഗ്രൗണ്ടിന്‍റെ വലിപ്പത്തിലുള്ള നിലയത്തിൽ നിലവിൽ നാല് അമേരിക്കൻ, രണ്ട് റഷ്യൻ, ഒരു ജർമൻ ബഹിരാകാശ ഗവേഷകരാണുള്ളത്.

'നിങ്ങൾ ഞങ്ങളുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെങ്കിൽ ഐ.എസ്.എസ് ഭ്രമണപഥത്തിൽ നിന്ന് മാറി യു.എസിലോ യൂറോപ്പിലോ പതിക്കുന്നതിനെ ആര് തടയും?' -ദിമിത്രി റോഗോസിൻ ട്വീറ്റിൽ ചോദിച്ചു.

500 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലോ ചൈനയിലോ പതിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയൊരു ഭീഷണി അവർക്ക് നേരെ ഉയർത്താൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? റഷ്യക്ക് മുകളിലൂടെ ഐ.എസ്.എസ് കടന്നുപോകുന്നില്ല. അതിനാൽ എല്ലാ ഭീഷണിയും നിങ്ങൾക്കാണ്. അവ നേരിടാൻ തയാറാണോ? -മറ്റൊരു ട്വീറ്റിൽ അദ്ദേഹം ചോദിച്ചു.

യുക്രെയ്നിൽ അധിനിവേശം നടത്തുന്ന പശ്ചാത്തലത്തിലാണ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളുമായി യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തിയത്. സാമ്പത്തിക മേഖലയിൽ റഷ്യയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.

അതേസമയം, റഷ്യക്കെതിരായ ഉപരോധങ്ങൾ ബഹിരാകാശ മേഖലയിലെ സഹകരണത്തെ ബാധിക്കില്ലെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പ്രതികരിച്ചു. ഐ.എസ്.എസിന്‍റെ പ്രവർത്തനത്തിനായി റഷ്യയുമായി സഹകരിക്കുന്നത് തുടരും. അതിൽ ഒരു മാറ്റവമുണ്ടാകില്ലെന്നും നാസ വ്യക്തമാക്കി.

Tags:    
News Summary - Do You Want ISS To Drop on India or China': Russia Space Chief Slams US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.