ചാത്തമംഗലം: ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ എയറോ അൺവയർഡ് ക്ലബിന്റെ ഭാഗമായ ഒമ്പത് വിദ്യാർഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്സ് (എസ്.എ.ഇ) ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഓൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്മെന്റ്-2023 മത്സരത്തിലാണ് എൻ.ഐ.ടി.സിയിലെ എയറോമോഡലിങ് ക്ലബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ കോളജുകളിൽനിന്നായി 42 ടീമുകൾ പങ്കെടുത്തു.
അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷാ സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള സ്വയംനിയന്ത്രിത ഡ്രോൺ ആണ് മത്സരത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്തതെന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വയംനിയന്ത്രണശേഷിയുള്ള ഡ്രോൺ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്നതായിരുന്നു നടത്തിയ മത്സരത്തിന്റെ ലക്ഷ്യം. ആയുഷ് സിങ്, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിങ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, എസ്.കെ. അരുൺ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ വിജയികളായത്. എൻ.ഐ.ടി.സിയിലെ പൂർവ വിദ്യാർഥി സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് എയ്റോഅൺവയേർഡ് ക്ലബ് മത്സരത്തിനായി ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.