ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) പ്രഥമ ഗഗന്യാന് പദ്ധതിയുടെ രണ്ട് സുപ്രധാന പരീക്ഷണങ്ങൾ വിജയം. മൂന്നുപേരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം.
ഗഗന്‍യാന്റെ സര്‍വിസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ (എസ്.എം.പി.എസ്) രണ്ട് ഹോട്ട് ടെസ്റ്റുകളാണ് തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്.ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിൽ (ഐ.പി.ആര്.സി) വിജയകരമായത്. ബഹിരാകാശ യാത്രികര്‍ ഇരിക്കുന്ന സര്‍വിസ് മൊഡ്യൂളിനെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണമാണിത്.
ബുധനാഴ്ച നടത്തിയ ആദ്യത്തെ പരീക്ഷണം 723.6 സെക്കന്‍ഡും രണ്ടാമത്തേത് 350 സെക്കന്‍ഡും നീണ്ടു. ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എൻജിനുകളും റിയാക്ഷന് കണ്ട്രോള് സംവിധാനവും (ആര്.സി.എസ്) പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചു. ഗഗൻയാൻ പേടകത്തിനകത്ത് ദിശ മാറ്റാനായി ഉപയോഗിക്കുന്ന ചെറുറോക്കറ്റ് തുടർച്ചയായും മിടിക്കുന്ന രൂപത്തിലും പ്രവർത്തിച്ചു. വരും ദിവസങ്ങളില്‍ മൂന്നു പരീക്ഷണങ്ങള്‍ കൂടി നടത്തും. ജൂലൈ 19നും ഇതേ പരീക്ഷണം നടത്തിയിരുന്നു.
എസ്.എം.പി.എസിന്റെ രൂപരേഖ തയാറാക്കിയതും വികസിപ്പിച്ചതും ബംഗളൂരുവിലെയും തിരുവനന്തപുരത്തെ വലിയമലയിലെയും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ്.ഗഗൻയാൻ 2025ൽ വിക്ഷേപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറയുന്നു. ദൗത്യത്തിനുമുമ്പ് വിവിധ പരീക്ഷണ ഘട്ടങ്ങളായ അബോർട്ട് മിഷനും ആളില്ലാ പരീക്ഷണ വിക്ഷേപണവും നടക്കും.
ആദ്യ അബോർട്ട് മിഷനിൽ പേടകത്തിന്റെ വേഗവും രണ്ടാം മിഷനിൽ യാത്രികർക്ക് അപകടം പിണഞ്ഞാൽ രക്ഷപ്പെടുത്താനുള്ള ശേഷിയുമാണ് പരീക്ഷിക്കുക. ആറു പരീക്ഷണ പറക്കലിന് ശേഷമായിരിക്കും ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഗഗൻയാന്റെ ചരിത്ര വിക്ഷേപണം.
ബഹിരാകാശത്തുനിന്ന് ഗഗൻയാൻ പേടകം തിരിച്ചുവരുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇറക്കുക. ബഹിരാകാശ പേടകങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കുന്ന സാങ്കേതികവിദ്യ നിലവിൽ ഐ.എസ്.ആർ.ഒക്കില്ല. ഇതിനാലാണ് ഗഗയൻയാൻ ക്രൂ മൊഡ്യൂൾ കടലിൽ വീഴ്ത്തുക. ഇതിനുശേഷം സുരക്ഷിതമായി കടലിൽനിന്ന് വീണ്ടെടുക്കുകയാണ് ചെയ്യുക. ഈ പരീക്ഷണം കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.