'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്'; ആഗോള ഉച്ചകോടിക്ക് റിയാദിൽ ഗംഭീര തുടക്കം

റിയാദ്: 'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്' എന്ന സന്ദേശവുമായി സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ റിയാദിൽ സംഘടിപ്പിച്ച ത്രിദിന ആഗോള ഉച്ചകോടിക്ക് ഗംഭീര തുടക്കം. 80ഓളം രാജ്യങ്ങളിൽ നിന്ന് 200-ലധികം പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നിർവഹിക്കുന്ന രണ്ടാമത് ഉച്ചകോടി കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിലാണ് നടക്കുന്നത്. 90 രാജ്യങ്ങളിൽ നിന്നായി 10,000 ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടി കിരീടാവകാശിയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്.

വിവിധ രാജ്യങ്ങളിലെ നായരൂപവത്കരണ സമിതികളുടെ തലവന്മാർ, ആഗോള സാങ്കേതിക സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ഉച്ചകോടിയിൽ 100-ലധികം സെഷനുകളിലായി ആശയങ്ങൾ പങ്കുവെക്കുകയും സാങ്കേതിക വൈദഗ്ധ്യ കൈമാറ്റം നിർവഹിക്കുകയും ചെയ്യും.

സൗദി അറേബ്യയുടെ വികസന മുന്നേറ്റത്തിൽ മാതൃകകൾ സ്വീകരിക്കുന്നതിനും 'നിയോം' നഗരനിർമാണത്തിലേക്കും അതിൽ തന്നെയുള്ള 'ലൈൻ' ഭാവി പാർപ്പിടനഗര പദ്ധതിയിലേക്കും ലോകശ്രദ്ധ ക്ഷണിക്കുന്നതിനും ഉച്ചകോടി സഹായകമാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിർമിത ബുദ്ധിയുടെ കണ്ടുപിടുത്തമായ നൂതന സാങ്കേതികവിദ്യ വരുന്ന 150 വർഷത്തേക്ക് സുസ്ഥിരമായ സമൂഹങ്ങളെ കെട്ടിപ്പടുക്കുമെന്ന് ആമുഖ പ്രഭാഷണത്തിൽ


സൗദി ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽ-സവാഹ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന് സമ്മാനിക്കുന്ന 'നിയോം' നഗരത്തിന്റെ നിർമാണം സാങ്കേതിക മികവുകളുടെ സാക്ഷാത്കാരമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ബന്ധം, അതിന്റെ അതിർവരമ്പുകൾ, സാങ്കേതിക വിജ്ഞാനത്തിന്റെ ശരിയായ വിനിയോഗം തുടങ്ങിയ അന്വേഷണങ്ങളിൽ നിന്നാണ് ഉച്ചകോടിയും അതിന്റെ പ്രമേയവും രൂപപ്പെട്ടതെന്ന്

ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിൻ ഷറഫ് അൽ-ഗംദി സ്വാഗത പ്രഭാഷണത്തിൽ വ്യക്തമാക്കി. കോവിഡ് കാലം മനുഷ്യചരിത്രത്തിലെ നിർണായകവും അവിസ്മരണീയവുമായ കാലഘട്ടമായിരുന്നു. മുൻകാലങ്ങളിൽ മാരകവ്യാധികൾക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ നൂറ്റാണ്ട് നീണ്ട ഗവേഷണങ്ങൾ വേണ്ടി വന്നെങ്കിൽ കുറഞ്ഞ മാസങ്ങൾ കൊണ്ടാണ് കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വഴി സാധിച്ചത്.

റോബോട്ടുകൾ നിരവധി ശസ്ത്രക്രിയകൾ നടത്തിയ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഡോ. ഗംദി കൂട്ടിച്ചേർത്തു. സാങ്കേതിക വികാസത്തിന്റെ വെളിച്ചത്തിൽ സർഗാത്മകതകൾ സൃഷ്ടിക്കുക എന്ന ദൗത്യം കൂടി ഉച്ചകോടിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'അറാംകോ'യുടെ 'ആഗോള നിർമിത ബുദ്ധി ഇടനാഴി' (ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോറിഡോർ) എന്ന തന്ത്രപ്രധാന പദ്ധതി പ്രഖ്യാപിച്ച സമയത്ത് തന്നെ ഉച്ചകോടി നടക്കുന്നതിലും അതിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് കമ്പനി സി.ഇ.ഒ എൻജി. അമീൻ അൽ-നാസർ പറഞ്ഞു.

നഗരങ്ങളുടെ സാങ്കേതികവത്കരണം, മാനവവിഭവ ശേഷിയുടെയും മൂലധന ഭാവിയുടെയും പുനർ രൂപകൽപന, ബഹുമുഖ ആജീവനാന്ത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഗതാഗതം, ഊർജം, സംസ്കാരം, പരിസ്ഥിതി, സാമ്പത്തിക ചലനാത്മകത എന്നീ എട്ട് അടിസ്ഥാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രഭാഷണങ്ങളിലും ചർച്ചകളിലും അതിഥി രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർക്ക് ആദ്യദിനം തന്നെ അവസരം ലഭിച്ചു.

Tags:    
News Summary - Global summit on artificial intelligence kicks off in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.