ഹബ്ൾ സ്പേസ് ടെലിസ്കോപ് എന്ന് കേൾക്കാത്തവരുണ്ടാവില്ല. ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ദൂരദർശിനികളിലൊന്നാണ് ഹബ്ൾ സ്പേസ് ടെലിസ്കോപ്. കഴിഞ്ഞ 34 വർഷമായി ബഹിരാകാശത്ത് കറങ്ങിക്കൊണ്ട് പ്രപഞ്ച വിസ്മയങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയാണ് ഹബ്ൾ. ഹബ്ളിന്റെ പ്രവർത്തന കാലാവധി ഇനി പരമാവധി പത്തു വർഷമാണ്. അതിനുശേഷം എന്ത് എന്ന ചോദ്യം ശാസ്ത്രലോകം നേരത്തെതന്നെ ഉന്നയിച്ചതാണ്. ഹബ്ളിന്റെ കാലാവധി കഴിയുംമുമ്പേത്തന്നെ മറ്റൊരു ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കാൻ നാസ ഒരുങ്ങുന്നുണ്ട്. നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൂരദർശിനി രണ്ടുവർഷത്തിനുള്ളിൽ ആകാശത്തെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം നാസ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ‘റോമൻ’ എന്നാണ് ചുരുക്കപ്പേര്.
ഹബ്ളിനേക്കാൾ പതിന്മടങ്ങ് ക്ഷമതയുള്ളതും ഇൻഫ്രാറെഡ് തരംഗ ദൈർഘ്യത്തിൽ നിരീക്ഷണം സാധ്യമാക്കുന്നതുമാണ് റോമൻ. പ്രപഞ്ച വിജ്ഞാനീയത്തിന് ഇനിയും പൂർണമായും പിടിതരാത്ത തമോ ഊർജത്തെക്കുറിച്ചുള്ള പഠനമാണ് ‘റോമൻ’ ദൂരദർശിനിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം, സൗരയൂഥത്തിനുപുറത്തുള്ള നിരവധി ഭൗമസമാന ഗ്രഹങ്ങളെയും ‘റോമൻ’ തിരിച്ചറിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. 2021ൽ വിക്ഷേപിച്ച ജെയിംസ് വെബ് ടെലിസ്കോപ്, ഇത്രകാലവും ലഭ്യമായിട്ടില്ലാത്ത പ്രപഞ്ച ചിത്രങ്ങൾ ഭൂമിയിലേക്കയച്ചിരുന്നു. സമാനമായ രീതിയിൽ ‘റാമൻ’ ദൂരദർശിനിയുടെ കണ്ണുകളും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.