സുനിത വില്യംസ് ആരോഗ്യത്തോടെ ഇരിക്കുന്നു, ആശങ്ക വേണ്ട; പ്രതികരണവുമായി നാസ

വാഷിങ്ടൺ ഡി.സി: സുനിത വില്യംസിന്റെ ആരോഗ്യ നിലയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഉള്ള എല്ലാവരും പൂർണ ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റസ്സൽ പറഞ്ഞു. എല്ലാ ദിവസവും കൃത്യമായ വൈദ്യ പരിശോധന നടക്കുന്നുണ്ട്. ഫ്ലൈറ്റ് സർജന്മാർ സുനിത വില്യംസിന്റെ ആരോ​ഗ്യ നില നിരീക്ഷിക്കുണ്ടെന്നും ജിമി റസ്സൽ വ്യക്തമാക്കി. സുനിത വില്യംസ് ഐ.എസ്.എസിൽ ദീർഘകാലം തുടർന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നാസയുടെ പ്രസ്താവന.

എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.

സുനിത വില്യംസും ബുച്ച് വിൽമോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഫെബ്രുവരിയിൽ സ്പേസ് എക്സിന്‍റെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക. ഇക്കാര്യത്തിൽ നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.

അടുത്തിടെ ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തിയ നാല് സഞ്ചാരികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരറ്റ്, ജാനറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബൻകിൻ എന്നിവരാണ് ഏഴുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഒക്ടോബർ 25ന് തിരിച്ചെത്തിയത്. ഇവരിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒരാ​ളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Tags:    
News Summary - in-good-health-nasa-amid-reports-of-sunita-williams-declining-health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.