ചരിത്രമെഴുതിയ മൂന്ന് ദൗത്യങ്ങൾക്കുശേഷം ചന്ദ്രയാൻ 4, പുതുദൗത്യത്തിന് ഒരുങ്ങുകയാണ്. ഐ.എസ്.ആർ.ഒ രണ്ടു ഘട്ടങ്ങളിലായായിരിക്കും ചന്ദ്രയാൻ 4 ന്റെ വിക്ഷേപണം. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടുഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ചശേഷം അവിടെവെച്ച് സംയോജിപ്പിക്കും. തുടർന്ന് ചന്ദ്രനിലേക്കുള്ള ദൗത്യം തുടങ്ങും -ഐ.എസ്.ആർ.ഒ ചെയർമാൻ ആർ. സോമനാഥ് പറയുന്നു. ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം നിലവിൽ ഐ.എസ്.ആർ.ഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാവുന്നതിനേക്കാൾ കൂടുതലായിരിക്കും. അതിനാലാണ് ഇരട്ട വിക്ഷേപണം.
രാജ്യാന്തര ബഹിരാകാശ നിലയംപോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്. അതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്നു പേരിട്ടിരിക്കുന്ന ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും ആർ. സോമനാഥ് വിശദീകരിക്കുന്നു.
ചന്ദ്രനിൽ പേടകം ഇറക്കുക എന്ന ലക്ഷ്യം മാത്രമല്ല ചന്ദ്രയാൻ 4ന് ഉണ്ടാകുക. ചന്ദ്രനില്‍നിന്ന് ശിലകളും മണ്ണും ഉൾപ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചുമതല ഈ ദൗത്യത്തിനുണ്ടാകും. നിലവിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ചാന്ദ്ര സാമ്പിളുകള്‍ ശേഖരിച്ച് തിരികെ ഭൂമിയിൽ എത്തിച്ചിട്ടുള്ളത്. അപ്പോളോ ദൗത്യത്തിലൂടെ യു.എസും ലൂണ ദൗത്യങ്ങളിലൂടെ സോവിയറ്റ് യൂനിയനും ചാങ് ഇ ദൗത്യങ്ങളിലൂടെ ചൈനയും. ഈ നിരയിലെ നാലാമനാവുക എന്നതാകും ചന്ദ്രയാൻ 4ന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒയുടെ ‘വിഷന്‍ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതികളിൽ ഒന്നാണ് ചന്ദ്രയാൻ 4. 2035ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുമെല്ലാം ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.