ബംഗളൂരു: ഒന്നിനുപിറകെ ഒന്നായി സുപ്രധാന ദൗത്യങ്ങളുമായി നീങ്ങുന്ന ഐ.എസ്.ആർ.ഒ ആദിത്യയെ സൗരപഥത്തിന് സമീപത്തേക്ക് പറഞ്ഞയക്കുമ്പോൾ പ്രതീക്ഷകളേറെ. സൂര്യന്റെ ചൂടുള്ള ബാഹ്യ അന്തരീക്ഷമായ കൊറോണയെയും ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെയും നിരീക്ഷിക്കാൻ ഏഴ് പരീക്ഷണ ഉപകരങ്ങളുമായാണ് (പേലോഡുകൾ) ആദിത്യ എൽ വണ്ണിന്റെ യാത്ര. മുഴുവൻ പരീക്ഷണോപകരണങ്ങളും രാജ്യത്തെ വിവിധ ശാസ്ത്ര സ്ഥാപനങ്ങൾ നിർമിച്ചതാണെന്നതാണ് പ്രത്യേകത.
സൂര്യവലയത്തിൽ സംഭവിക്കുന്ന കോറോണൽ മാസ് ഇജക്ഷനെ (സി.എം.ഇ) പഠന വിധേയമാക്കുന്നതിലൂടെ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് ഇസ്റോയുടെ പ്രതീക്ഷ. ഇതിന് സഹായിക്കുന്ന വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വെൽസ്) ആണ് പേലോഡുകളിൽ പ്രധാനി. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനവും അത് ബഹിരാകാശത്തുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആദിത്യയിലെ പേലോഡുകൾ വിവരം ശേഖരിക്കും.
സൗര മണ്ഡലത്തിലെ ചിത്രം പകർത്താവുന്ന അൾട്രാവയലറ്റ് ടെലസ്കോപ്പായ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ് (സ്യൂട്ട്), സൗരപാളികളെക്കുറിച്ച് പഠിക്കാൻ സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (സോളക്സ്), പ്ലാസ്മ പ്രവർത്തനങ്ങളുടെ വിശകലനത്തിന് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), ഹൈ എനർജി എൽ വൺ ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (ഹെൽ വൺ ഒ.എസ്), സ്വിസ് എന്നും സ്റ്റെപ്സ് എന്നും പേരുള്ള രണ്ട് ഉപകരണങ്ങളടങ്ങിയ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), മാഗ്നെറ്റോ മീറ്റർ (മാഗ്) എന്നിവയാണ് ആദിത്യയിലെ പരീക്ഷണ ഉപകരണങ്ങൾ.
ലാഗ് റേഞ്ച് പോയന്റിൽ പേടകം കഴിയുമ്പോൾ, തടസ്സങ്ങളോ ഗ്രഹണങ്ങളോ ബാധിക്കാതെ എപ്പോഴും സൂര്യനെ നിരീക്ഷിക്കാനും സ്ഥിരമായി ഒരേ സ്ഥാനം പിന്തുടരാനും ഇന്ധനം ലാഭിക്കാനും കഴിയുമെന്നതാണ് മെച്ചം. ഭൂമിക്കും സൂര്യനും ഇടക്കുള്ള ലാഗ് റേഞ്ച് പോയന്റുകളിൽ ആദ്യത്തേതാണ് എൽ വൺ.
ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരം 1500 ലക്ഷം കിലോമീറ്ററാണ്. ഇതിന്റെ ഒരു ശതമാനം ദൂരം മാത്രം താണ്ടിയാണ് ലാഗ് റേഞ്ച് പോയന്റ് എൽ വണ്ണിൽ ആദിത്യയെത്തുന്നത്. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടിയാണ് ലാഗ് റേഞ്ചിയൻ പോയന്റ് വണ്ണിലേക്കുള്ള ദൂരം. ഈ പോയന്റിൽനിന്ന് സൂര്യനിലേക്ക് 1485 ലക്ഷം കിലോമീറ്ററാണ് ബാക്കി. ഭൂമിയോട് അടുത്തുള്ള നക്ഷത്രമായ സൂര്യനെ കുറിച്ചുള്ള പഠനം മറ്റു നക്ഷത്ര പഠനങ്ങളിലേക്കും വഴിതെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.