ഐ.എസ്.ആർ.ഒയുടെ സ്വപ്നപദ്ധതിയാണ് മംഗൾയാൻ-2. ചൊവ്വാദൗത്യ പരീക്ഷണമായ മംഗൾയാൻ -1 വിജയകരമായി വിക്ഷേപിച്ചതിന്റെ പത്താംവർഷത്തിലാണ് കൂടുതൽ സാങ്കേതികവിദ്യകളോടുകൂടിയ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആർ.ഒ തയാറെടുക്കുന്നത്. ജൂലൈയിലോ ആഗസ്റ്റിലോ മംഗൾയാൻ ‘ചുവന്ന ഗ്രഹം’ ലക്ഷ്യമാക്കി കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ദൗത്യത്തിന്റെ പല സവിശേഷതകളെക്കുറിച്ചുമുള്ള സൂചനകൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
മംഗൾയാൻ -1 ചൊവ്വയുടെ ഭ്രമണപഥത്തിൽനിന്നായിരുന്നു നിരീക്ഷണം നടത്തിയിരുന്നതെങ്കിൽ പുതിയ പദ്ധതി ലക്ഷ്യമിടുന്നത് ഗ്രഹത്തിന്റെ ഉപരിതലത്തിൽത്തന്നെ എത്താനാണ്. ചൊവ്വയിലിറങ്ങുന്ന ലാൻഡറിൽ റോവറും റോട്ടോകോപ്ടറുമുണ്ടാകും (ഹെലികോപ്ടർ). റോവർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് നിരീക്ഷണം നടത്തുമ്പോൾ റോട്ടോകോപ്ടർ ഇതേദൗത്യം പറന്നുകൊണ്ട് നിർവഹിക്കും. നാസയുടെ ‘ഇൻജെന്യൂവിറ്റി’ പോലുള്ള ഡ്രോണുകൾ തന്നെയായിരിക്കും റോട്ടോകോപ്ടറുകളുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു. മൂന്നുവർഷം ചൊവ്വയിൽ പ്രവർത്തിച്ച ഇൻജെന്യൂവിറ്റി 18 കിലോമീറ്ററിലധികം പറന്ന് നിരീക്ഷണം നടത്തിയിരുന്നു. മണിക്കൂറിൽ 36 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗത. ഏറക്കുറെ സമാനമായിരിക്കും ഐ.എസ്.ആർ.ഒയുടെയും കോപ്ടർ. ഇതിൽ വിവിധ സെൻസറുകളും ഘടിപ്പിക്കും.
നൂറ് മീറ്റർവരെ ഉയരത്തിൽ പറക്കാനും ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച പഠനത്തിൽ കോപ്ടർ നൽകുന്ന വിവരം ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.