പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ

ബംഗളൂരു: ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒയുടെ അപൂർവ പരീക്ഷണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവെച്ചുകൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ​ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ചന്ദ്രയാൻ- മൂന്ന് ദൗത്യം പരിപൂർണമായും നേടിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ലാൻഡർ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് വഹിച്ച് ചന്ദ്രന്റെ തൊട്ടടുത്ത ഭ്രമണപഥംവരെ എത്തിക്കുകയായിരുന്നു പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ദൗത്യം. ലാൻഡർ വേർപിരിഞ്ഞശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിലുണ്ടായിരുന്ന ‘ഷെയ്പ്’ എന്ന ഉപകരണം പ്രവർത്തിച്ചു തുടങ്ങി. ഭൂമിയെയും ചന്ദ്രനെയുമടക്കം നിരീക്ഷിക്കാനുള്ള ഉപകരണമായ ഷെയ്പിന്റെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ​ഭ്രമണപഥത്തിൽ തിരികെ എത്തിച്ചത്. ഭാവിയിൽ ചന്ദ്രനിൽനിന്നുള്ള സാമ്പിൾ തിരികെ എത്തിക്കുന്നതിനടക്കമുള്ള ദൗത്യങ്ങൾക്ക് ഈ പരീക്ഷണം ബലമേകും. ഏകദേശം 13 ദിവസത്തോളം ഭ്രമണപഥത്തിൽ കഴിയാനുള്ള ഇന്ധനമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ ബാക്കിയുള്ളത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കം നടത്തുകയും വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ സഹായത്തോടെ ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുകയുമായിരുന്നു ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 23ന് വിജയകരമായി ലാൻഡ് ചെയ്തത് ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുവർണ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുടർന്ന് ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പരീക്ഷണങ്ങൾ നടത്തി.

Tags:    
News Summary - ISRO successfully brought back propulsion module into Earth orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.