ബംഗളൂരു: സൂര്യ പഠനത്തിനുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ബഹിരാകാശ ദൗത്യ പേടകമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.50ന് പി.എസ്.എൽ.വി- സി 57 റോക്കറ്റാണ് പേടകവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. നാലു മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ച് 1 പോയിന്‍റിൽ (എൽ1 പോയിന്‍റ്) പേടകം എത്തും. എൽ1 പോയിന്‍റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.
235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലാണ് പേടകം നിലവിൽ വലംവെക്കുന്നത്. വിക്ഷേപണം നടന്ന് 63 മിനിറ്റും 20 സെക്കൻഡിനും ശേഷം റോക്കറ്റിൽ നിന്ന് പേടകം വേർപ്പെട്ടു. മുൻ നിശ്ചയ പ്രകാരം റോക്കറ്റിന്‍റെ എല്ലാ ഘട്ടങ്ങളും പ്രവർത്തിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. നാളെ രാവിലെ 11.45ന് ആദ്യ ഭ്രമണപഥം വികസിപ്പിക്കൽ നടക്കും.
ആദ്യഘട്ടത്തിൽ പി.എസ്.എൽ.വി- സി 57 റോക്കറ്റ് ഭൂമിയുടെ 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചത്. തുടർന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകം ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും.
തുടർന്ന് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തു കടക്കുന്ന പേടകം ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി ലഗ്രാഞ്ച് 1 പോയിന്‍റിലേക്ക് യാത്ര തുടങ്ങും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്‍റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ എത്തിക്കും. ലഗ്രാഞ്ച് പോയിന്‍റിലെ ഭ്രമണപഥത്തിൽ അഞ്ച് വർഷവും രണ്ട് മാസവും ആദിത്യ എൽ1 സൗരപഠനം നടത്തും. 244 കിലോഗ്രാം ഭാരമുള്ള പേടകം ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്‍ററിലാണ് നിർമിച്ചത്. ദൗത്യത്തിന്‍റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്.
സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ.
കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ, സൗര്യ കാറ്റിന്‍റെ പഠനത്തിനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റ്, സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ എന്നിവയാണ് പേലോഡുകൾ.
ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകർഷണ ബലം തുല്യമായിരിക്കുന്ന ലഗ്രാഞ്ച് 1 പോയിന്‍റിൽ നിന്ന് സൂര്യനെ മറ്റ് തടസങ്ങളില്ലാതെ ആദിത്യ പേടകത്തിന് നിരന്തരം വീക്ഷിക്കാനാകും. ഈ പോയിന്‍റിൽ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ തടസമുണ്ടാവില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എൽ1 പോയിന്‍റിൽ പേടകം സ്ഥാപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്‍റെ ചിത്രം പേടകത്തിന് പകർത്താനാകും.
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ആദിത്യക്കു ശേഷം ഒക്ടോബർ ആദ്യവാരത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള സുപ്രധാന ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.