ആദ്യ ചാന്ദ്രാ പര്യവേക്ഷണത്തിന്‍റെ ഭാഗമായി ജപ്പാൻ വിക്ഷേപിച്ച ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) എന്ന പേടകം നാളെ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രനിൽ ‘പിൻ പോയിന്‍റ് ലാൻഡിങ്’ നടത്താൻ പേടകത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’.
നിലവിൽ ചന്ദ്രന്‍റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭ്രമണപഥത്തിലാണ് ‘സ്‍ലിം’ പേടകം വലം വെക്കുന്നത്. കാര്യങ്ങൾ ശരിയായ ദിശയിൽ പോവുകയാണെങ്കിൽ ശനിയാഴ്ച അർധരാത്രി (ടോക്കിയോ സമയം)യിൽ 20 മിനിറ്റ് കൊണ്ട് മൃദുവിറക്കം സാധ്യമാക്കുകയാണ് ലക്ഷ്യം. ചന്ദ്രന്‍റെ ഉപരിതലത്തിൽ എവിടെ വേണമെങ്കിലും ഇറങ്ങാൻ സാധിക്കുന്ന ‘പിൻ പോയിന്‍റ് ലാൻഡിങ്’ വിദ്യയാണ് ജപ്പാൻ പരീക്ഷിക്കുന്നത്. മുൻ ചാന്ദ്രാദൗത്യ പേടകങ്ങൾ ഇറങ്ങിയത് ചന്ദ്രന്‍റെ വിവിധ ധ്രുവങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.
ഷിയോലി എന്ന ചെറുഗർത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്താണ് 200 കിലോഗ്രാം ഭാരമുള്ള ‘സ്‍ലിം’ എന്ന പേടകം ഇറക്കുക. 1969ൽ അപ്പോളോ 11 ഇറങ്ങിയ പ്രാചീന അഗ്നിപർവത പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെട്ട സീ ഓഫ് ട്രാൻക്വിലിറ്റി എന്ന ചാന്ദ്ര സമതലത്തിലാണ് ഷിയോലി ഗർത്തം സ്ഥിതി ചെയ്യുന്നത്. നിലവിൽ നിശ്ചയിച്ച സ്ഥലത്ത് നിന്ന് 100 മീറ്റർ (328 അടി) പരിധിയിൽ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്താനാണ് ശ്രമം. ടൂ സ്റ്റെപ്പ് ലാൻഡിങ് മെതേഡിലാകും മൃദുവിറക്കം.
ലാൻഡർ വിജയകരമായാൽ, ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തിന് സഹായിക്കുന്ന സ്ഥലത്തെ പാറകളെ കുറിച്ച് പേടകം പഠിക്കും. പേടകത്തിൽ രണ്ട് പേലോഡുകളാണുള്ളത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ‘പിൻ പോയിന്‍റ് ലാൻഡിങ്’ നടത്തുന്ന ലോകത്തെ ആദ്യ രാജ്യമാകും ജപ്പാൻ.
സെപ്റ്റംബർ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘സ്‍ലിം’ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുകയായിരുന്നില്ല ‘സ്‍ലിം’ ചെയ്തത്. പകരം, ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു.
തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ‘സ്‍ലിം’ കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്‍ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ ആരംഭിച്ചിരുന്നു. ഇതോടെ, അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവക്ക് പിന്നാലെ ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യമാകും ജപ്പാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.