ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് എന്തുപറ്റി? ഒരാഴ്ചയായി എല്ലാവരുടെയും ചോദ്യമിതായിരുന്നു. രാജ്യത്തിന്റെ ആദ്യ ചാന്ദ്രപര്യവേക്ഷണ വാഹനമായ ‘സ്ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ജനുവരി 19ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയിരുന്നു. കൃത്യതയോടെ ഇറങ്ങിയതായി ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ജാക്സ സ്ഥിരീകരിച്ചുവെങ്കിലും പിന്നീട് മറ്റു വിവരങ്ങളൊന്നും പങ്കുവെക്കാൻ അവർ തയാറായില്ല. അതോടെ, ദൗത്യം പരാജയപ്പെട്ടുവെന്ന സംശയവും ഉയർന്നു. ചന്ദ്രനിലിറങ്ങിയ വാഹനത്തിന് അവിടെ പ്രവർത്തിക്കാനായില്ലെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
എന്നാൽ, വ്യാഴാഴ്ച വിഷയത്തിൽ വിശദീകരണവുമായി ജാക്സ തന്നെ രംഗത്തെത്തി. ലക്ഷ്യസ്ഥാനത്തുനിന്ന് 55 മീറ്റർ മാറി ‘സ്ലിം’ ഇറങ്ങിയെന്നും എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വാഹനത്തിന്റെ സോളാർ പാനൽ പ്രവർത്തിച്ചില്ലെന്നും ഏജൻസി വ്യക്തമാക്കി.
ഒരാഴ്ചക്കുശേഷമാണ് ‘സ്ലിമി’ൽനിന്നുള്ള വിവരങ്ങൾ ലഭിച്ചുതുടങ്ങിയത്. ഇപ്പോൾ ‘സ്ലിം’ നന്നായി പ്രവർത്തിക്കുന്നുവെന്നും അവർ അറിയിച്ചു. തെളിവായി വാഹനം ചന്ദ്രനിലിറങ്ങിയശേഷമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതോടെ, ജപ്പാന്റെ പ്രഥമ ചാന്ദ്രദൗത്യം വിജയിച്ചിരിക്കുകയാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ. ഇതിനുമുമ്പ് അമേരിക്ക, സോവിയറ്റ് യൂനിയൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇവിടെ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.