‘ബഹിരാകാശ യാത്ര ചെയ്യാൻ ഇനി ശതകോടീശ്വരനാകണ്ട’; പുതിയ ബലൂൺ ഫ്ലൈറ്റുമായി ജാപ്പനീസ് സ്റ്റാർട്ടപ്പ്

ലോകസമ്പന്നനാകണമെന്നില്ല, തീവ്രമായ ട്രെയിനിങ്ങിലൂടെ കടന്നുപോവുകയോ, റോക്കറ്റിൽ പറക്കാൻ ആവശ്യമായ ഭാഷാ വൈദഗ്ധ്യം നേടുകയോ വേണ്ട, നിങ്ങൾക്ക് ബഹിരാകാശ യാത്ര നടത്താം’. - പറയുന്നത് ജാപ്പനീസ് സ്റ്റാർട്ടപ്പായ ‘ഇവായ ഗികെന്റെ’ സിഇഒ കെയ്‌സുകെ ഇവായയാണ്.

ഇവായയുടെ കമ്പനി പുതിയ ബലൂൺ ഫ്ലൈറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ വരെ ഉയരത്തിലേക്ക് ആളുകളെ കൊണ്ടുപോകും, അവിടെ നിന്ന് നിങ്ങൾക്ക് ഭൂമിയുടെ ഗോളാകൃതി വ്യക്തമായി കാണാൻ കഴിയും.

ഭീമൻ തുക മുടക്കി ശതകോടീശ്വരൻമാർ ആസ്വദിക്കുന്ന കൊമേഴ്സ്യൽ ബഹിരാകാശ യാത്ര ഏറെ ചിലവുകുറഞ്ഞതാക്കുകയാണ് ഈ ജാപ്പനീസ് കമ്പനി. തുടക്കത്തിൽ യാത്രക്കാരിൽ നിന്ന് 24 ദശലക്ഷം യെൻ (ഏകദേശം 1.5 കോടി രൂപ) ആണ് കമ്പനി ഈടാക്കുക.

ആളുകൾക്ക് സുരക്ഷിതവും അതേസമയം, ചിലവ് കുറഞ്ഞതും മനോഹരവുമായ അനുഭവം പുതിയ സ്‍പേസ് ബലൂൺ സമ്മാനിക്കുമെന്നാണ് സി.ഇ.ഒ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘ബഹിരാകാശ ടൂറിസം എല്ലാവർക്കും’ എന്നതാണ് തന്റെ ആശയമെന്നും ‘ബഹിരാകാശത്തെ ജനാധിപത്യവൽക്കരിക്കാൻ’ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ ജപ്പാനിലെ സപ്പോറോ ആസ്ഥാനമായുള്ള ഇവായ ഗികെൻ എന്ന കമ്പനി 2012 മുതൽ ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ട്. എയർടൈറ്റ് ഇരട്ട സീറ്റ് ക്യാബിനും 25 കിലോമീറ്റർ (15 മൈൽ) വരെ ഉയരത്തിൽ പോകാൻ കഴിയുന്ന ഒരു ബലൂണും തങ്ങൾ വികസിപ്പിച്ചെടുത്തതായി അവർ അവകാശപ്പെടുന്നു. അത്രയും ഉയരത്തിൽ പറന്ന് ആളുകൾക്ക് ഭൂമിയുടെ വളഞ്ഞ രൂപം ആസ്വദിക്കാൻ കഴിയും.


യാത്രക്കാർ യാത്രയിലുടനീളം ബലൂണിന് അകത്തായിരിക്കും. മാത്രമല്ല, ബലൂൺ സ്ട്രാറ്റോസ്ഫിയറിന്റെ മധ്യഭാഗം വരെയാണ് എത്തുക. അത് ഒരു ജെറ്റ് വിമാനം പറക്കുന്നതിനേക്കാൾ ഉയരത്തിലായിരിക്കും. ബഹിരാകാശത്തിന്റെ തടസ്സമില്ലാത്ത കാഴ്ചയും ബലൂൺ സമ്മാനിക്കും.

പ്രമുഖ ജാപ്പനീസ് ട്രാവൽ ഏജൻസിയായ JTB കോർപ്പറേഷനുമായി സഹകരിച്ചാണ് ഇവായ ഗികെൻ ബഹിരാകാശ ടൂറിസം നടത്തുന്നത്.

Tags:    
News Summary - Japanese startup unveils balloon flight for space viewing tours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.