കോഴിക്കോട്: സ്വാതന്ത്ര്യദിനാചരണവേളയിലെ ആഘോഷചാരുതകൾക്കു പുറമെ ആഗസ്റ്റ് 15ന് ആകാശഗംഗയിലും ചന്തമേറും കാഴ്ചയാകും വാനകുതുകികൾക്ക് സമ്മാനിക്കുക. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും ചെമ്പൻ ഗ്രഹമായ ചൊവ്വയും തൊട്ടുരുമ്മിയാകും ഭൂമിയിൽനിന്ന് കാണുക. ഈ ദശകത്തിലെ ഏറ്റവും സമീപസ്ഥ കാഴ്ചയുമായിരിക്കുമിത്. ആഗസ്റ്റ് 15ന് പുലർച്ചയാണ് കിഴക്കൻ മാനത്ത് ഈ ഗ്രഹങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന വർണമനോഹര കാഴ്ചായനുഭവം സമ്മാനിക്കുക.
പാതിരാവിനോടടുപ്പിച്ച് കിഴക്കൻ മാനത്തുദിച്ചുയരുന്ന ഈ ഗ്രഹങ്ങൾ പുലർച്ച 3-4ന് നഗ്നനേത്രങ്ങൾകൊണ്ട് കാണത്തക്ക വിധത്തിലെത്തും. വ്യാഴം അതിന്റെ തിളക്കം കൊണ്ടും ചൊവ്വ അതിന്റെ സവിശേഷമായ ചുവപ്പു നിറം കൊണ്ടും എളുപ്പം തിരിച്ചറിയാനാകും. എല്ലാ രണ്ടു വർഷങ്ങളിലും ഈ ഗ്രഹങ്ങൾ അടുത്തടുത്തായി കാണപ്പെടുമെങ്കിലും ഇത്ര കൂടിയ അടുപ്പം ഇനി കാണണമെങ്കിൽ ഒമ്പതു വർഷം കാത്തിരിക്കണമെന്ന് അസ്ട്രോ കോളമിസ്റ്റും അമച്വർ വാനനിരീക്ഷകനുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഈ വർഷത്തെ ഏറ്റവും മനോഹരമായ ഗ്രഹസംഗമമായിരിക്കുമിതെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ ഗ്രഹങ്ങളുടെ തൊട്ടയലത്തായി ഓറഞ്ച് നിറമുള്ള രോഹിണി (ആൾഡി ബാറൻ) നക്ഷത്രത്തെയും അൽപം താഴെ തെക്കുകിഴക്കായി വേട്ടക്കാരൻ(ഓറിയോൺ) നക്ഷത്രഗണത്തെയും കാണാം.
ഉൽക്കപ്രവാഹത്തിന്റെ ൈക്ലമാക്സ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ഏതാണ്ട് ആഗസ്റ്റ് 17 വരെ തലങ്ങും വിലങ്ങും പായുന്ന ഉൽക്കകളെ കാണാനുള്ള അവസരം കൂടിയാകും ഈ ദിവസം. സംസ്ഥാനത്തെ ആകാശഗംഗയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴമേഘങ്ങൾ കൊണ്ടുപോയെങ്കിലും വ്യാഴത്തിന്റെയും ചൊവ്വയുടെയും ഈ അടുപ്പകാഴ്ച കാണാനാകുമെന്ന പ്രതീക്ഷയിലാണ് വാനകുതുകികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.