കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ൽനിന്ന് ആദ്യത്തെ സിഗ്നലുകൾ എത്തിത്തുടങ്ങിയതായി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) ഡയറക്ടർ ജനറൽ ഡോ. അൽഫാദൽ അറിയിച്ചു.
പൂർണ സിഗ്നലുകളുടെ വരവിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിക്ഷേപണ ശേഷം നിയുക്ത ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ പ്രവർത്തനം, വിവരങ്ങൾ കൈമാറുന്നതിലുള്ള കാര്യക്ഷമത എന്നിവയെല്ലാം കൂടുതൽ സിഗ്നലുകൾ എത്തുന്നതോടെ വ്യക്തമാകും.
വിക്ഷേപിച്ച് നാലുമണിക്കൂറും രണ്ടുമിനിറ്റും കൊണ്ട് ഉപഗ്രഹത്തിന് അതിന്റെ ആദ്യ സന്ദേശം അയക്കാൻ കഴിയുമെന്നായിരുന്നു നേരത്തെ പദ്ധതിക്ക് പിന്നിലുള്ളവർ വ്യക്തമാക്കിയിരുന്നത്.
കുവൈത്ത് യൂനിവേഴ്സിറ്റിയിലെ (കെ.യു) സ്റ്റേഷനിൽ ലഭിക്കുന്ന സിഗ്നൽ ഉപയോഗിച്ചാണ് വിനിമയങ്ങൾ നടത്തുക. ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ പ്രധാന വിവരങ്ങളും ചിത്രങ്ങളും പകർത്തും. രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ചയാണ് കുവൈത്ത് സാറ്റ്-1 യു.എസിലെ ഫ്ലോറിഡ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽനിന്ന് വിക്ഷേപിച്ചത്. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ (കെ.യു) കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) എന്നിവിടങ്ങളിലെ ശാസ്ത്ര പ്രതിഭകൾ തുടങ്ങിയവരാണ് പദ്ധതിക്കുപിന്നിൽ പ്രവർത്തിച്ചത്.
കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നാഴികക്കല്ലായാണ് കുവൈത്ത് സാറ്റ്-1നെ കാണുന്നത്.
ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുപിറകെ, കുവൈത്ത് സാറ്റ്-2 ആലോചനകളിലേക്ക് ഇതേസംഘം കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.