മൂൺവാക്ക്

ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പർശമേറ്റിട്ട് 55 വർഷം പിന്നിടുന്നു. നൂറുകണക്കിന് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചന്ദ്രനെ ചുറ്റിപ്പറ്റി ഇതിനിടെ നടന്നു. 12 പേർ ചന്ദ്രനിൽ കാലുകുത്തി. ഇപ്പോഴും ചാന്ദ്രദൗത്യങ്ങളിൽ ഇന്ത്യയടക്കം പല രാജ്യങ്ങളും പുതുചരിത്രം രചിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പലരും ച​ന്ദ്ര​നി​ലേ​ക്ക്​ മ​നു​ഷ്യ​ൻ പോ​യിട്ടേ​യി​ല്ലെ​ന്നും ഇ​ത്​ വെ​റും കെ​ട്ടു​ക​ഥ​യാ​ണെ​ന്നും ​വാ​ദി​ക്കു​ന്നുമുണ്ട്. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന് അഞ്ച് പതിറ്റാണ്ടുകൾ ക്കിപ്പുറം വീണ്ടും ചന്ദ്രനിൽ മനുഷ്യനെയിറക്കാൻ പദ്ധതികൾ ഓരോന്നായി തയാറായി വരുകയാണ്.

ജൂലൈ 21 ഒരു ചാന്ദ്രദിനംകൂടി.

1969 ജൂലൈ 21നാണ് മനുഷ്യ​ന്റെ ആദ്യ ചാന്ദ്രസ്പർശം സാധ്യമായത്. മാനവരാശിക്ക് അതൊരു വലിയ കുതിച്ചുചാട്ടംതന്നെയായിരുന്നു. ആ ചരിത്ര നിമിഷത്തിന്റെ ​ഓർമയാണ് ഓരോ ചാന്ദ്രദിനത്തിലും ശാസ്​ത്രലോകം പുതുക്കുന്നത്. നാസയുടെ അപ്പോളോ 11ൽ ചാന്ദ്ര പ്രതലത്തിലിറങ്ങിയശേഷം അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ് പറഞ്ഞത്, ‘‘മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചെറിയ കാൽവെപ്പ്; മനുഷ്യരാശിക്കോ വലിയ കുതിച്ചുചാട്ടവും’’ എന്നായിരുന്നു. ആംസ്ട്രോങ്ങിനുശേഷം മറ്റു 11 പേർകൂടി ചന്ദ്രനിലിറങ്ങി. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ നിരവധി ബഹിരാകാശ വാഹനങ്ങളും ഇന്ത്യയുടെ മൂന്ന് ചന്ദ്രയാൻ ദൗത്യങ്ങളടക്കം ഭൂമിയിൽനിന്നയച്ചു.

അ​പ്പോ​ളോ പ​ദ്ധ​തി​കൾക്കു​ശേ​ഷം പിന്നീട് ആരും ച​ന്ദ്ര​നി​ലേ​ക്ക്​ പോ​യിട്ടി​ല്ല. അ​പ്പോ​ളോ​ക്കു​​ ശേ​ഷം മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലേ​ക്ക്​ അ​യ​ക്കാ​ത്ത​തി​ന്​ പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തു ന​ട​ന്ന യു.​എ​സ്​^​സോ​വി​യ​റ്റ്​ മ​ത്സ​ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ മ​നു​ഷ്യന്റെ ചാ​ന്ദ്ര​യാ​ത്ര സാധ്യമാക്കിയ​ത്. അതിനുശേഷം മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ സോ​വി​യ​റ്റ്​ യൂ​നി​യ​ൻ പി​ൻ​വാ​ങ്ങി. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം മ​റ്റുദി​ശ​യി​ൽ വി​പു​ല​മാ​ക്കാ​നാ​ണ്​ പിന്നീട് അ​മേ​രി​ക്ക ശ്ര​മി​ച്ച​ത്. അ​പ്പോ​ളോ ദൗ​ത്യം തു​ട​ർ​ന്നാ​ൽ മ​റ്റു പ​ദ്ധ​തി​ക​ൾ റ​ദ്ദാ​ക്കേ​ണ്ടിവ​രു​മെ​ന്ന​തി​നാ​ലായിരുന്നു നാ​സയുടെ പിന്മാറ്റം. പിന്നീടാണ് സ്​​കൈ ലാ​ബ്​ എ​ന്ന ബ​ഹി​രാ​കാ​ശ നി​ല​യം സ്​​ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. തു​ട​ർന്ന് ചൊ​വ്വാ പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക​ളും വി​വി​ധ ത​രം ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തു​മെ​ല്ലാം ​നമ്മൾ കണ്ടു. ച​ന്ദ്ര​നി​ൽ മ​നു​ഷ്യകോ​ള​നി​ക​ൾ സ്​​ഥാ​പി​ക്കു​കയായി​രു​ന്നി​ല്ല മുമ്പ് ചാന്ദ്ര ദൗത്യങ്ങളുടെ ലക്ഷ്യം. മ​റി​ച്ച്, ഭൂ​മി​ക്ക്​ പു​റ​ത്ത്​ പ്ര​പ​ഞ്ച​ത്തെ കൂ​ടു​ത​ൽ കൃ​ത്യ​ത​​യോ​ടെ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ക​ എന്നതാ​യി​രു​ന്നു.

നാസ v/s സോവിയറ്റ് യൂനിയൻ

നാ​​​സയുടെ അ​​​പ്പോ​​​ളോ​ പ​​​ദ്ധ​​​തി യു.എസ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നുമു​​​മ്പ്​ ത​​​ന്നെ സോ​​​വി​​​യ​​​റ്റ്​ യൂ​​​നി​​​യ​​​ൻ ചാ​​​ന്ദ്ര​​​യാ​​​ത്ര​​​​ തു​​​ട​​​ങ്ങിയിരു​​​ന്നു. ഇരു രാജ്യങ്ങളും തമ്മിൽ ബ​​​ഹി​​​രാ​​​കാ​​​ശ ​ഗ​​​വേ​​​ഷ​​​ണ​രം​​​ഗ​​​ത്ത്​ വ​​​ലി​​​യ മ​​​ത്സ​​​രമായിരുന്നു അന്ന്. മ​​​നു​​​ഷ്യ​​​നെ ച​​​ന്ദ്ര​​​നി​​​ലെ​​​ത്തി​​​ക്കാൻ സോ​​​വി​​​യ​​​റ്റ്​ യൂ​​​നി​​​യ​​​ൻ​ ആ​​​ദ്യ​​​ ചാ​​​ന്ദ്ര​​​യാ​​​ത്ര പ്ര​​​ഖ്യാ​​​പി​​​ച്ചു, ‘ലൂ​​​ന’ മിഷൻ. 1959ൽ വി​​​ക്ഷേ​​​പി​​​ച്ച ​​​ലൂ​​​ന1 പ​​​രാ​​​ജ​​​യമായിരുന്നു. ആ​​​ വ​​​ർ​​​ഷംത​​​ന്നെ അവർ ലൂ​​​ന 2, ലൂ​​​ന 3 എ​​​ന്നി​​​വ​​​യും വി​​​ക്ഷേ​​​പി​​​ച്ചു. ര​​​ണ്ട്​ ദൗ​​​ത്യ​​​വും വി​​​ജയിച്ചു.

ലൂ​​​ന 2 ആ​​​ണ് ആ​​​ദ്യ​​​മാ​​​യി ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലെ​​​ത്തി​​​യ കൃ​​​​ത്രി​​​മോ​​​പ​​​ഗ്ര​​​ഹം. ച​​​ന്ദ്ര​ന്റെ മ​​​റു​​​വ​​​ശം ആ​​​ദ്യ​​​മാ​​​യി പ​​​ക​​​ർ​​​ത്തി​​​യ​​​ത്​ ലൂ​​​ന 3 ആയിരുന്നു. ഈ സമയത്താണ് യു.എസ് അ​​​പ്പോ​​​ളോ​ പ​​​ദ്ധ​​​തി​​​ക്ക്​ തു​​​ട​​​ക്കം കുറിക്കുന്നത്. അ​​​പ്പോ​​​ളോ ബ​​​ഹു​​​ദൂ​​​രം മു​​​ന്നേ​​​റുകയും ചെയ്തു. ആ സമയം ലൂ​​​നയുടെ നാ​​​ലു​ മു​​​ത​​​ൽ എ​​​ട്ടു​ വ​​​രെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. നീ​​​ൽ ആം​​​സ്​​​​ട്രോ​​​ങ്​ ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങു​​​ന്ന​​​തി​​​നുമു​​​മ്പ്​ ലൂ​​​ന 14 വ​​​രെ​​​യു​​​ള്ള ദൗ​​​ത്യ​​​ങ്ങ​​​ൾ സോ​​​വി​​​യ​​​റ്റ്​ യൂ​​​നി​​​യ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കിയിരുന്നു. ഒരു മനുഷ്യൻ ആദ്യമായി​ ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ പക്ഷേ ലൂ​​​ന ​ദൗ​​​ത്യം പി​​​റകിലായി. എ​​​ങ്കി​​​ലും ലൂ​​​ന ദൗ​​​ത്യം തു​​​ട​​​ർ​​​ന്നുകൊണ്ടിരുന്നു. ലൂ​​​ന 17, 21 എ​​​ന്നീ ദൗ​​​ത്യ​​​ങ്ങ​​​ൾ പക്ഷേ ശാസ്ത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവ ചാ​​​ന്ദ്ര​​​വാ​​​ഹ​​​ന​​​ത്തെ​​​യും വ​​​ഹി​​​ച്ചാ​​​ണ്​ ച​​​ന്ദ്ര​​​നി​​​ലെ​​​ത്തി​​​യ​​​ത്. ലു​​​നോ​​​കോ​​​ദ്​ എ​​​ന്നായിരുന്നു​ വാ​​​ഹ​​​ന​​​ത്തി​​​ന്റെ പേ​​​ര്. ലൂ​​​ന 24 ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലെ മ​​​ണ്ണ്​ ഭൂ​​​മി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ​ വി​​​ജ​​​യി​​​ച്ചു. ഈ ​​​മ​​​ണ്ണി​​​ൽ​​​നി​​​ന്നാ​​​ണ്​ ആ​​​ദ്യ​​​മാ​​​യി ച​​​ന്ദ്ര​​​നി​​​ലെ ജ​​​ല​ത​​​ന്മാ​​​ത്ര സാ​​​ന്നി​​​ധ്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. 1976ലായിരുന്നു ഇത്.

1967ലാണ് അപ്പോളോ യാത്രകൾ തുടങ്ങുന്നത്. അപ്പോളോ 1 പ​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ തീ​പി​ടി​ച്ച് ല​ക്ഷ്യം നേ​ടാ​തെ മൂ​ന്നു​യാ​ത്രി​കർ കൊ​ല്ല​പ്പെ​ട്ടു. തുടർന്ന് അപ്പോളോ 2, 3, 4 എന്നിവയിൽ മ​നു​ഷ്യ​ർ ക​യ​റി​യി​രു​ന്നി​ല്ല. 1969 ജൂ​ലൈ 16ന് ​ഫ്ലോറി​ഡ​യി​ൽ​നി​ന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. യാ​ത്രി​കരായി നീ​ൽ ആം​സ്​ട്രോ​ങ്, എ​ഡ്വി​ൻ ആ​ൽ​ഡ്രി​ൻ, മൈ​ക്ക​ൽ കോ​ളി​ൻ​സ് എന്നിവർ. ആം​സ്​ട്രോങ്, ആ​ൽ​ഡ്രി​ൻ എ​ന്നി​വ​ർ ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി. കൊ​ളം​ബി​യ എ​ന്ന നി​യ​ന്ത്ര​ണ പേ​ട​ക​ത്തി​ൽ ഈ സമയം കോ​ളി​ൻ​സ്​ ച​ന്ദ്ര​നെ പ്ര​ദ​ക്ഷി​ണം​വെ​ച്ചു​കൊ​ണ്ടി​രു​ന്നു. ജൂ​ലൈ 24ന് ​മൂ​വ​രും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അപ്പോളോ 17ഓടുകൂടിയാണ് ഈ പദ്ധതിക്ക് യു.എസ് വി​രാ​മ​മിട്ടത്.

ഏ​​​ഷ്യ​​​ൻ ​രാ​​​ജ്യ​​​ങ്ങ​​​ൾ വരുന്നു

1990ക​​​ളിലാണ് ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ന്നു​​​വ​​​രുന്നത്. 60ക​​​ളി​​​ലും 70ക​​​ളി​​​ലും ബ​​​ഹി​​​രാ​​​കാ​​​ശ​ ഗ​​​വേ​​​ഷ​​​ണ ​മേ​​​ഖ​​​ല​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ഖ്യ എ​​​തി​​​രാ​​​ളി സോ​​​വി​​​യ​​​റ്റ്​ യൂ​​​നി​​​യ​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ അ​​​ത്​ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്. ഇ​​​ന്ത്യ, ചൈ​​​ന, ജ​​​പ്പാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങളാണ് ഇതിൽ പ്രധാനം. 1990ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഹൈ​​​ട്ട​​​ൻ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ജ​​​പ്പാ​​​​ൻ ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തി​​​ന്​ തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

അ​​​മേ​​​രി​​​ക്ക​​​യും സോ​​​വി​​​യ​​​റ്റ്​ യൂ​​​നി​​​യ​​​നും ക​​​ഴി​​​ഞ്ഞാ​​​ൽ ച​​​ന്ദ്ര​​​നി​​​ലേ​​​ക്ക്​ കൃ​​​​ത്രി​​​മോ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ച ആ​​​ദ്യ ​രാ​​​ജ്യംകൂ​​​ടി​​​യാ​​​ണ്​ ജ​​​പ്പാ​​​ൻ. 1990 ജ​​​നു​​​വ​​​രി 24നാ​യിരുന്നു ഇത്.​ 2007ൽ ​​​ജ​​​പ്പാ​​​ൻ മ​​​റ്റൊ​​​രു ചാ​​​ന്ദ്ര​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ ദൗ​​​ത്യംകൂ​​​ടി ന​​​ട​​​ത്തി. സെ​​​ലി​​​ൻ എ​​​ന്നാ​​​യി​​​രു​​​ന്നു ആ ​​​കൃ​​​ത്രി​​​മോ​​​പ​​​ഗ്ര​​​ഹ​​​ത്തി​ന്റെ​ പേര്. അതേസമയം വി​​​പു​​​ല​​​മാ​​​യ പ​​​ര്യ​​​വേ​​​ക്ഷ​​​ണ ​ദൗ​​​ത്യ​​​മാ​​​യി​​​രു​​​ന്നു ചൈ​​​ന​​​യു​​​ടേ​​​ത്. ചാ​​​ങ്​ എ​​​ന്നാ​​​ണ്​ അ​​​വ​​​ർ ആ ​​​ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക്​ ന​​​ൽ​​​കി​​​യ പേ​​​ര്. ചൈ​​​ന​​​ക്കാ​​​രു​​​ടെ ച​​​ന്ദ്ര​​​ദേ​​​വ​​​ത​​​യാ​​​ണ്​ ചാ​​​ങ്. 2007 ഒ​​​ക്​​​​ടോ​​​ബ​​​ർ 24ന്​ ചാ​​​ങ്​1​​ വി​​​ക്ഷേ​​​പി​​​ച്ചു.

ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​ന്റെ ഏ​​​റ്റ​​​വും കൃ​​​ത്യ​​​ത​​​യാ​​​ർ​​​ന്ന ത്രി​​​മാ​​​ന മാ​​​പ് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്​ ഈ ​​​ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ്. ചാ​​​ങ്​ 1ന്റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ച്​ ഏ​​​താ​​​നും മാ​​​സം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ 2010 ഒക്ടോബറിൽ ചാ​​​ങ്​ 2 വി​​​ക്ഷേ​​​പി​​​ച്ചു, 2013ൽ ​​​ചാ​​​ങ്​ 3യും. ചാ​​​ങ്​ 3യു​​​ടെ കൂ​​​ടെ ഒ​​​രു റോ​​​ബോ​​​ട്ടി​​​ക്​ വാ​​​ഹ​​​നം​​​കൂ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു, ‘യു​​​തു’. യു​​​തു ച​​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി. 2016 ഒ​​​ക്​​​​ടോ​​​ബ​​​ർ വ​​​രെ ഈ റോ​​​ബോ​​​ട്ടി​​​ക്​ വാ​​​ഹ​​​നം ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

ഇന്ത്യയുടെ ചന്ദ്രയാൻ

ഇന്ത്യയുടെ അഭിമാന ചാ​ന്ദ്രദൗത്യമാണ് ചന്ദ്രയാൻ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ ​ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2008 ഒക്ടോബർ 22നായിരുന്നു ചന്ദ്രയാൻ 1ന്റെ വിക്ഷേപണം. 2008 നവംബർ എട്ടിന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. നവംബർ 14ന് ഓർബിറ്ററും ഇംപാക്ടറും വേർപെട്ടു. ഇംപാക്ടർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി. ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽനിന്ന് ചന്ദ്രനെ വലംവെച്ചുകൊണ്ട് ഓർബിറ്റർ നിരീക്ഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുകയായിരുന്നു ചന്ദ്രയാൻ1 ദൗത്യം. 2009 സെപ്റ്റംബർ 24ന്, ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനേക്കാളേറെ ജലമുണ്ടെന്ന കണ്ടെത്തൽ ചന്ദ്രയാൻ നടത്തി. 2009 ആഗസ്റ്റ് വരെ ഓർബിറ്റർ പ്രവർത്തനക്ഷമമായിരുന്നു. അതിനുശേഷം വാർത്താവിനിമയ ബന്ധം നഷ്ടമായി. ഭ്രമണപഥത്തിലെത്തി 312 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ1 ദൗത്യം അവസാനിപ്പിച്ചത്. 95 ശതമാനം ലക്ഷ്യങ്ങളും ​ചന്ദ്രയാൻ 1 നിറവേറ്റിയിരുന്നു. ഇക്കാലയളവിൽ ഓർബിറ്റർ ചന്ദ്രനെ 3400 തവണ വലംവെച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ച​ന്ദ്രയാൻ 2. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം. ചന്ദ്രയാൻ1 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുക, അതിനെക്കുറിച്ച് കൂടുതൽ പഠിക്കുക തുടങ്ങിയവക്ക് വേണ്ടിയായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ ഒരു റോബോട്ടിക് റോവർ സോഫ്റ്റ് ലാൻഡ് ചെയ്യാനും ചന്ദ്രയാൻ 2ലൂടെ ലക്ഷ്യമിട്ടിരുന്നു. ചാന്ദ്ര ഓർബിറ്റർ, ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവ ഉൾപ്പെടുന്നതായിരുന്നു ചന്ദ്രയാൻ 2. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2ന്റെ വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. മറ്റൊരു രാജ്യവും ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണത്തിന് അതുവരെ മുതിർന്നിട്ടില്ലായിരുന്നു. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ടു കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുമ്പ് നിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറി. ഇതേത്തുടർന്ന് വിക്രം ലാൻഡറിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തു. അതിനാൽ, രണ്ടാം ചാന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

ചന്ദ്രയാൻ 3ന്റെ വിക്ഷേപണം 2023 ജൂലൈ 14ന് നടന്നു. ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. മറ്റൊരു രാജ്യത്തിനും അതുവരെ സാധിക്കാതിരുന്ന, ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന നേട്ടവും ചന്ദ്രയാന്‍ 3ലൂടെ ഇന്ത്യ കൈവരിച്ചു. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങൾക്കുശേഷം ചന്ദ്രയാൻ 4 ദൗത്യത്തിന് തയാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ ഇപ്പോൾ. 

കോളനിയല്ല, ഇടത്താവളം

ചന്ദ്രനിൽ വൈകാതെ കോളനികൾ സ്ഥാപിക്കപ്പെടുമെന്ന വാർത്തകൾ ഒരുപാട് കേൾക്കുന്നുണ്ട്. എന്നാൽ, ബഹിരാകാശത്ത് പുത്തൻ ഗവേഷണങ്ങൾ നടത്തുന്നവരൊന്നും അത്തരത്തിൽ കോളനികൾ സ്ഥാപിക്കാനല്ല ശ്രമിക്കുന്നത് എന്നതാണ് വാസ്തവം. മറിച്ച്, ഇപ്പോൾ നിലവിലുള്ള ബഹിരാകാശ നിലയം പോലെ ഒന്ന് ചന്ദ്രനിൽ സ്ഥാപിക്കാനായിരിക്കും നീക്കം. ഗ്രഹാന്തര പരീക്ഷണങ്ങൾക്കും മറ്റു ഗവേഷണങ്ങൾക്കുമെല്ലാം ചെലവു കുറക്കാനും ദൂരം കുറക്കാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു.

ചൈനയുടെ ചാന്ദ്രവിജയം

ലോകം ഉറ്റുനോക്കിയ ചൈനയുടെ ചാങ് ഇ6 ചാന്ദ്രപേടകം അതിന്റെ ലക്ഷ്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രന്‍റ വിദൂര ഭാഗത്തെ വസ്തുക്കളുമായാണ് ചാങ്ഇ തിരിച്ചിറങ്ങിയത്. റോബോട്ടിന്‍റെ സഹായത്തോടെയായിരുന്നു മണ്ണിന്‍റെയും പാറയുടെയും സാമ്പിളുകൾ ചാങ്ഇ ശേഖരിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവമായ ഐറ്റ്‌കെൻ ബാസിനിലെ അപ്പോളോ ഗര്‍ത്തത്തില്‍നിന്നു ഉള്‍പ്പെടെയാണ് ചാങ്ഇ 6 സാമ്പിളുകൾ ശേഖരിച്ചത്. യു.എസും ചൈനയും സോവിയറ്റ് യൂനിയനും ചന്ദ്രനിൽനിന്ന് മുമ്പ് സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും വിദൂരവശത്തുനിന്ന് സാമ്പിൾ ശേഖരിക്കാൻ ചൈനക്കൊഴികെ മറ്റാർക്കും കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിന് ഈ വസ്തുക്കൾ ഉപകാരപ്പെട്ടേക്കും. ചന്ദ്രന്‍റെയും ഗ്രഹങ്ങളുടെയും രൂപവത്കരണത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഇവയിൽനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Lunar day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.