ചുവപ്പും നീലയും മഞ്ഞയും കലർന്ന് അതിമനോഹരമായൊരു ചിത്രം പോലെ വിശാലമായിക്കിടക്കുന്ന അറേബ്യ. ബഹിരാകാശത്ത് നിന്ന് പകർത്തിയ അറേബ്യൻ ഉപദ്വീപിന്‍റെ ചിത്രം പങ്കുവെച്ച് കൗതുകംകൊള്ളുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജർമൻ ഗവേഷകനായ മത്യാസ് മൗറർ. ഭൂമി ശരിക്കും ഒരു കലാസൃഷ്ടി തന്നെ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
രണ്ട് ചിത്രങ്ങളാണ് മത്യാസ് മൗറർ പങ്കുവെച്ചത്. രണ്ടാമത്തെ ചിത്രത്തിൽ മരുഭൂ പ്രദേശത്ത് നീണ്ടുകിടക്കുന്ന ചില രേഖകളും രൂപങ്ങളും എന്താണെന്ന് അദ്ദേഹം ആശ്ചര്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഉയരത്തിലായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമുള്ള ഈ നിലയം മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗതയിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്.
റഷ്യയുടെ ആന്‍റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്ഹേ, തോമസ് മാർഷ്ബേൺ, രാജാ ശാരി, കെയ്‌ല ബാരൺ എന്നിവരാണ് മത്യാസ് മൗററെ കൂടാതെ ഐ.എസ്.എസിൽ നിലവിൽ താമസിക്കുന്ന ഗവേഷകർ.
യു.എസ്.എ, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും 11 യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനയുടെയും സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.