സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ജീവൻ നിലനിൽക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ഖഗോള വസ്തുക്കളിൽ ഒന്ന് വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്റോപയാണ്. ചന്ദ്രനെക്കാൾ അൽപം വലിപ്പം കുറവുള്ള ഈ ഉപഗ്രഹത്തിലെ സവിശേഷ കാലാവസ്ഥ അവിടെ ജീവൻ ഉത്ഭവിക്കുന്നതിനും വളരുന്നതിനും അനുയോജ്യമായ സാഹചര്യമൊരുക്കുന്നതായി നേരത്തേതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 17ാം നൂറ്റാണ്ട് മുതലേ, മനുഷ്യന്റെ ദൃഷ്ടിപഥത്തിലുള്ള ഈ ഉപഗ്രഹത്തിന്റെ ഭൂവൽക്കം (ഉപരിതലത്തിന് തൊട്ടുതാഴെ) ഒരു ഐസ് കടലാണെന്ന് കരുതുന്നു. അഥവാ, ജലത്താൽ മൂടപ്പെട്ടുകിടക്കുന്ന ഈ ഉപഗ്രഹത്തിൽ ഒരുപക്ഷേ ഇപ്പോൾതന്നെ ജീവനോ ജീവന്റെ കണികകളോ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ, എക്കാലത്തും ബഹിരാകാശ പര്യവേക്ഷണ ഗവേഷകരുടെ ഇഷ്ടഭൂമികളിലൊന്നാണ് ഒയ്റോപ. ഇപ്പോഴിതാ, അവിടെ ജീവന്റെ സാന്നിധ്യം തേടി നാസ ഒരു ദൗത്യത്തിനായി ഒരുങ്ങുന്നു.
‘ഒയ്റോപ ക്ലിപ്പർ’ എന്നാണ് ദൗത്യത്തിന്റെ പേര്. രണ്ട് പതിറ്റാണ്ടോളമായി ഇത് യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു നാസ. ഇപ്പോഴിതാ വിക്ഷേപണത്തിന് സജ്ജമായിരിക്കുന്നു. ശനിയാഴ്ച വിക്ഷേപണം നടക്കേണ്ടതായിരുന്നു. എന്നാൽ, ഫ്ലോറിഡയിലും മറ്റും ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിനെതുടർന്ന് വിക്ഷേപണം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ് നാസ. ഏതായാലും, ഈ മാസംതന്നെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ‘ഒയ്റോപ ക്ലിപ്പർ’ കുതിച്ചുയരും. 2030 ഏപ്രിലിൽ അത് ഒയ്റോപയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1995ൽ, ‘ഗലീലിയോ’ എന്ന പേരിൽ മറ്റൊരു വ്യാഴ ദൗത്യം നാസ നടത്തിയിരുന്നു. ‘ഗലീലിയോ’ ആണ് ഒയ്റോപയുടെ കൂടുതൽ തെളിച്ചമുള്ള ചിത്രങ്ങൾ ശാസ്ത്രലോകത്തിന് സമ്മാനിച്ചത്. ഉപഗ്രഹത്തിന്റെ ഉപരിതല സവിശേഷതയും ആ ദൗത്യത്തിൽനിന്ന് മനസ്സിലായി. 2003ൽ, ‘ഗലീലിയോ’ ദൗത്യം അവസാനിച്ചതിനുശേഷമാണ് തുടർ പദ്ധതിയെന്ന നിലയിൽ ‘ഒയ്റോപ ക്ലിപ്പർ’ നാസ ആവിഷ്കരിച്ചത്. ഭാവിയിൽ, റോബോട്ടിക് വാഹനങ്ങൾ ഒയ്റോപയിൽ ഇറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. അതിനുള്ള വഴിയൊരുക്കാനാണ് ‘ഒയ്റോപ ക്ലിപ്പർ’ ശ്രമിക്കുക. ആത്യന്തികമായി അവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യതയെക്കുറിച്ചാകും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.