ദുബൈ: യു.എ.ഇ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന ചാന്ദ്രദൗത്യമായ റാശിദ് റോവർ വിക്ഷേപണത്തിന് തയാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. ഇതിനായി യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ സംഘം യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തി. ഈ മാസം 22ന് പേടകം വിക്ഷേപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചരിത്രദൗത്യത്തിന് അവസാനഘട്ട തയാറെടുപ്പുകൾ നടന്നുവരുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽമർറി ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യ ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണവും രണ്ടാമത്തെ ഇമാറാത്തി ബഹിരാകാശ യാത്രികനാകാൻ തയാറെടുക്കുന്ന സുൽത്താൻ അൽ നിയാദിയുടെ ഒരുക്കങ്ങളും വിലയിരുത്താനാണ് സംഘം അമേരിക്കയിലെത്തിയത്.
രാജ്യത്തിന്റെ ദീർഘകാല ചാന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
നേരത്തെ നവംബർ 15നുമുമ്പ് പേടകം വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുറ്റമറ്റ ഒരുക്കങ്ങൾക്കായി ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. യു.എ.ഇയിലെ എൻജിനീയർമാരും വിദഗ്ധരും സ്വന്തമായി ഡിസൈൻ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത സവിശേഷത 'റാശിദി'നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളും നൂതന ഉപകരണങ്ങളും സജ്ജീകരിച്ചാണ് റോവർ നിർമിച്ചത്. കൂടാതെ ചന്ദ്രോപരിതല താപനിലയെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. ത്രീഡി കാമറകൾ, നൂതന ചലനസംവിധാനം, സെൻസറുകൾ, സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശയവിനിമയ സംവിധാനം എന്നിവയും ഇതിലൊരുക്കിയിട്ടുണ്ട്. 'റാശിദ്' ചന്ദ്രോപരിതലത്തിൽ വിജയകരമായി എത്തിക്കാനായാൽ യു.എ.ഇക്ക് വൻ നേട്ടമായി അത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.