വിക്ടർ ആംബ്രോസിന്റെ നൊബേൽ പുരസ്കാരം പത്ത് വർഷം മുമ്പെങ്കിലും പ്രവചിക്കപ്പെട്ടതാണ്. ഓരോ വർഷവും നൊബേൽ പ്രഖ്യാപനവേളയിൽ അദ്ദേഹത്തിന്റെ പേര് പലരും ഉയർത്തിക്കാണിക്കാറുണ്ട്. കഴിഞ്ഞവർഷം, ആർ.എൻ.എ സംബന്ധിച്ച മറ്റൊരു കണ്ടെത്തലിന് (അത് കോവിഡ് ചികിത്സയിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു) വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചപ്പോഴും എന്തുകൊണ്ട് ആംബ്രോസ് തഴയപ്പെട്ടുവെന്ന ചോദ്യം ഉയർന്നിരുന്നു.
2008ൽ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ശാസ്ത്ര പുരസ്കാരം തേടിയെത്തിയപ്പോൾ മുതൽതന്നെ ശാസ്ത്രലോകം അദ്ദേഹത്തെ നൊബേൽ പട്ടികയിൽ പ്രതീക്ഷിച്ചിരുന്നു. കൗതുകകരമായ കാര്യമെന്തെന്നാൽ, അന്ന് ആ പുരസ്കാരം അദ്ദേഹം പങ്കിട്ടത് ഇപ്പോൾ നൊബേൽ പങ്കിട്ട ഗാരി റുവ്കനൊപ്പമാണ്. അതിനുശേഷം, ആറ് അന്താരാഷ്ട്ര ശാസ്ത്ര പുരസ്കാരങ്ങൾ ഇരുവരും ഒരുമിച്ച് വാങ്ങി. സ്വാഭാവികമായും ആംബ്രോസിന് നൊബേൽ ലഭിക്കുമ്പോൾ റുവ്കനും ഒപ്പമുണ്ടാകുമെന്ന് ഉറപ്പായിരുന്നു.
80കളുടെ ഒടുക്കം മാചസ്യൂസെറ്റ്സിലെ ഹാർവിറ്റ്സ് ലബോറട്ടറിയിൽ ഇരുവരും പോസ്റ്റ് ഡോക്ടറൽ ഗവേഷകരായി പഠനം നടത്തുന്നതിനിടെ നടത്തിയ പരീക്ഷണമാണിപ്പോൾ നൊബേൽ പുരസ്കാര ലബ്ധിയിലെത്തിയിരിക്കുന്നത്. പരീക്ഷണം ഒരുമിച്ചായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചതും തുടർപഠനങ്ങൾ നടത്തിയതുമെല്ലാം വേറെത്തന്നെയായിരുന്നു. പക്ഷേ, ഫലം ഒന്ന്. അതാകട്ടെ, ജനിതക ശാസ്ത്രത്തിൽ വലിയൊരു കുതിപ്പിനും തുടക്കമായി. ആ കുതിപ്പിന്റെ 30ാം വാർഷികത്തിൽകൂടിയാണ് ഇപ്പോൾ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
മൈക്രോ ആർ.എൻ.എയുടെ കണ്ടെത്തലിനും അവ ജനിതക പ്രവർത്തനങ്ങളിൽ ഏതു രീതിയിലെല്ലാം പങ്കുവഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനുമാണ് ഇരുവർക്കും നൊബേൽ ലഭിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലടക്കം ജീൻ പ്രവർത്തനങ്ങളെക്കുറിച്ച അടിസ്ഥാന ധാരണയുണ്ടായെങ്കിൽ മാത്രമേ ഈ കണ്ടെത്തലിന്റെ പ്രധാന്യം മനസ്സിലാകൂ. കോശങ്ങൾക്കുള്ളിലെ ഡി.എൻ.എ ഘടകങ്ങളായ ക്രോമസോമുകളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാ കോശങ്ങൾക്കുമുള്ള നിർദേശക മാനുവൽ ആയി ഉപമിക്കാം.
എല്ലാ കോശങ്ങളിലും ഒരേ ക്രോമസോമുകൾ അടങ്ങിയിരിക്കുന്നുവെന്നതിനാൽ, കോശങ്ങളിലെല്ലാം ഒരേ ജീനുകളും കൃത്യമായ നിർദേശങ്ങളും ആയിരിക്കും. പക്ഷേ, ഓരോതരം കോശങ്ങൾക്കും പലതരം ധർമമാണ് ശരീരത്തിൽ നിർവഹിക്കാനുള്ളത്. പേശീ കോശങ്ങളിലും നാഡീ കോശങ്ങളിലുമെല്ലാം ഒരേതരം ക്രോമസോമുകളും ഒരേ ജനിതക നിർദേശങ്ങളുമായിട്ടും അവ പ്രവർത്തിക്കുന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ധർമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരേ നിർദേശം ലഭിച്ചിട്ടും എന്തുകൊണ്ടായിരിക്കും ഈ മാറ്റം? നിർദേശങ്ങൾ സമമാണെങ്കിലും ഓരോ കോശത്തിന്റെ ധർമമനുസരിച്ചുള്ള നിർദേശങ്ങൾ മാത്രമാണ് അവ സ്വീകരിക്കുക എന്നതാണ് അതിനുള്ള ഉത്തരം. ഇങ്ങനെ നിർദേശങ്ങൾ തെരഞ്ഞെടുക്കുന്നതിനെയാണ് ജീൻ നിയന്ത്രണം എന്നു പറയുന്നത്. അഥവാ, ഓരോ കോശത്തിലും അവയുടെ ധർമം ആവശ്യപ്പെടുന്ന ശരിയായ ജീനുകൾ മാത്രമായിരിക്കും തെരഞ്ഞെടുക്കപ്പെടുക.
മേൽസൂചിപ്പിച്ച തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുന്നുവെന്നും ശരീരത്തിൽ വിവിധ ധർമങ്ങൾ നിർവഹിക്കുന്ന കോശങ്ങളും അവയവങ്ങളും എങ്ങനെ യാഥാർഥ്യമാക്കുവെന്നുമുള്ള അന്വേഷണമാണ് വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും നടത്തിയത്. ജീൻ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ചെറിയ ആർ.എൻ.എ തന്മാത്രകളുടെ ഒരു പുതിയ വിഭാഗത്തെ അവർ കണ്ടെത്തി. മനുഷ്യർ ഉൾപ്പെടെയുള്ള ബഹുകോശ ജീവികൾക്ക് അത്യന്താപേക്ഷിതമായ ജീൻ നിയന്ത്രണത്തിന്റെ തികച്ചും പുതിയൊരു തത്ത്വം വികസിപ്പിച്ചു. ജീൻ നിയന്ത്രണത്തെക്കുറിച്ച് അതുവരെയും ശാസ്ത്രലോകത്തിന് ധാരണയുണ്ടായിരുന്നുവെങ്കിലും അവക്ക് പുതിയൊരു മാനം വെളിപ്പെടുത്താൻ ഈ കണ്ടെത്തലിലൂടെ സാധിച്ചു. ജീവികൾ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് മൈക്രോ ആർ.എൻ.എകൾ അടിസ്ഥാനപരമായി പ്രധാനമാണെന്ന് അവർ തെളിയിച്ചു.
കോശങ്ങളിൽ പ്രോട്ടീൻ ഉൽപാദനത്തിനുള്ള ജനിതക വിവരങ്ങൾ ഡി.എൻ.എയിൽനിന്ന് മെസഞ്ചർ ആർ.എൻ.എയിലേക്ക് (എം.ആർ.എൻ.എ) ആണ് ആദ്യം എത്തുക. മെസഞ്ചർ ആർ.എൻ.എയാണ് വിവരങ്ങൾ ഡീ കോഡ് ചെയ്യുക. ഈ പ്രക്രിയ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടുന്നു. ഡി.എൻ.എയിൽ സംഭരിച്ചിരിക്കുന്ന ജനിതക നിർദേശങ്ങൾക്കനുസൃതമായി പ്രോട്ടീനുകൾ നിർമിക്കുന്നതരത്തിൽ മെസഞ്ചർ ആർ.എൻ.എ വിവർത്തനം ചെയ്യുന്നു. ഇതാണ് ജീൻ നിയന്ത്രണത്തിന്റെ പ്രവർത്തനം.
ജീൻ നിയന്ത്രണം തെറ്റിയാൽ അർബുദം, പ്രമേഹം അല്ലെങ്കിൽ സ്വയം രോഗപ്രതിരോധം പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, ജീൻ പ്രവർത്തനത്തിന്റെ നിയന്ത്രണം മനസ്സിലാക്കുന്നത് നിരവധി പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ഈ മേഖലയിൽതന്നെയാണ് അംബ്രോസും റുവ്കനും ഗവേഷണം നടത്തിയത്. ഇതുസംബന്ധിച്ച്, സീ എലഗൻസ് എന്ന ഉരുളൻ വിരയിൽ അവർ ഒരു പരീക്ഷണം നടത്തി. ആ പരീക്ഷണത്തിലാണ് മെസഞ്ചർ ആർ.എൻ.എക്കു പുറമെ, ജീൻ നിയന്ത്രണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മറ്റൊരു കുഞ്ഞൻ ആർ.എൻ.എയെ അവർ തിരിച്ചറിഞ്ഞത്.
അതുവരെയും ശാസ്ത്രലോകത്തിന് മൈക്രോ ആർ.എൻ.എ അജ്ഞാതമായിരുന്നു. ഇതുസംബന്ധിച്ച പഠനഫലം 1993ൽ, ഇരുവരും രണ്ട് പ്രബന്ധങ്ങളായി ‘ദി സെൽ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ആംബ്രോസിനൊപ്പം ആ ഗവേഷണ പ്രബന്ധം എഴുതിയത് അദ്ദേഹത്തിന്റെ ഭാര്യ റോസാലിൻഡ് ലീ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. 2000ഓടെ, സമാനമായ പരീക്ഷണങ്ങൾ ബഹുകോശ ജീവികളിലും നടത്തിയതോടെ മൈക്രോ ആർ.എൻ.എക്ക് ജീൻ നിയന്ത്രണത്തിലുള്ള പങ്ക് കൂടുതൽ വെളിപ്പെട്ടു. മെസഞ്ചർ ആർ.എൻ.എയുടെ ‘വിവർത്തനം’ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെട്ടപ്പോൾ മൈക്രോ ആർ.എൻ.എയുടേത് ‘പോസ്റ്റ്ട്രാൻസ്ക്രിപ്ഷൻ’ ആയി.
കോശങ്ങളുടെയും കലകളുടെയും വളർച്ചയിൽ മൈക്രോ ആർ.എൻ.എക്കുള്ള പങ്ക് ഇന്ന് സുവ്യക്തമാണ്. മൈക്രോ ആർ.എൻ.എകൾ ഇല്ലാതെ കോശങ്ങളും കലകളും നിർദിഷ്ട രീതിയിൽ വികസിക്കില്ലെന്ന് ജനിതക ഗവേഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. മൈക്രോ ആർ.എൻ.എ വഴി ജീൻ നിയന്ത്രണം സാധ്യമായില്ലെങ്കിൽ അവ പലരോഗങ്ങൾക്കും കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച ചില മ്യൂട്ടേഷനുകളും ഗവേഷകലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, മൈക്രോ ആർ.എൻ.എ കേന്ദ്രീകരിച്ചുള്ള ജീൻ തെറാപ്പി വലിയ സാധ്യതകൾ വൈദ്യശാസ്ത്രലോകത്തിന് തുറന്നു നൽകുന്നുണ്ട്. അത്തരമൊരു വിപ്ലവത്തിന് നാന്ദി കുറിച്ചവരെയാണ് നൊബേൽ കമ്മിറ്റി ആദരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.