റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നു

ഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസാണ് ലൂണ-25 ദൗത്യം പരാജയപ്പെട്ടതായി സ്ഥിരീകരിച്ചത്. 1976ന് ശേഷം മോസ്കോയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ. 

ആഗസ്റ്റ് 11നായിരുന്നു ലൂണ വിക്ഷേപിച്ചത്. ആഗസ്റ്റ് 21ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ചാന്ദ്ര ദൗത്യത്തിൽ പാളിച്ചകൾ സംഭവിച്ചതായി റോസ്കോസ്മോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലംവെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചിരുന്നില്ല. 

ചന്ദ്രന് 18 കി.മീ അരികിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാൻ ഇന്നലെ നടത്തിയ ഇൻജിൻ ജ്വലനത്തിൽ പിഴവുണ്ടായിരുന്നു. ഈ പിഴവ് മൂലം ലാൻഡറിന് വ്യതിയാനമുണ്ടായെന്നും ചന്ദ്രോപരിതലത്തിൽ അതിവേഗതയിൽ ഇടിച്ചു തകരുകയായിരുന്നു എന്നും പ്രാഥമിക വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് റോസ്കോസ്മോസ് അറിയിച്ചു. ദൗത്യം പരാജയപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് പഠിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ആഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനിരിക്കെയാണ് ലൂണയുടെ തകർച്ച. ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ലാൻഡർ മൊഡ്യൂളിന്‍റെ അവസാന ഡീബൂസ്റ്റിങ് ഘട്ടവും (വേഗത കുറക്കുന്ന പ്രക്രിയ) വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍റെ നിൽപ്പ്. ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ മാത്രമാണ് പേടകത്തിന്‍റെ കുറഞ്ഞ അകലം. 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

Tags:    
News Summary - Russia says Luna-25 probe crashed into moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.